കോട്ടയം: കോട്ടയം ജില്ലയിൽ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാർഡുകളിൽ കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ഇതോടെ ജില്ലയിൽ ആകെ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിലും 144ഉം അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവായിരിക്കും ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ചെന്പ്-11, ഈരാറ്റുപേട്ട-17, ഏറ്റുമാനൂർ-4, കോട്ടയം- 1, 5, 6, 10, 16, 17, 31, 33, നീണ്ടൂർ-5, പായിപ്പാട്-12, പൂഞ്ഞാർ തെക്കേക്കര-9, 11, കല്ലറ-6, പനച്ചിക്കാട് -3, തലയാഴം-9, മാടപ്പള്ളി-1, 12, ഞീഴൂർ-9, പുതുപ്പള്ളി-7, 17, വെച്ചൂർ-3 എന്നിവയാണ് നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും പുതിയതായി ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന വാർഡുകൾ.
ഈ വാർഡുകളിൽ നാലു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് നിരോധനവും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളിൽ ബാധകമാണ്.
നിയന്ത്രണങ്ങൾ
=റേഷൻ കടകൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി. പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ.
=അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഫോണ് നന്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നന്പരുകളിൽ വിളിച്ചോ വാട്സപ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം.
ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ കടയുടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം.
=ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ വരെ പാഴ്സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം.
= രാത്രി ഒന്പതു മുതൽ രാവിലെ ഏഴു വരെ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള യാത്രകൾക്ക് ഇളവുണ്ട്.
=മരണാനന്തര ചടങ്ങുകൾ ഒഴികെ മറ്റൊരു ചടങ്ങുകൾക്കും ഈ മേഖലകളിൽ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുന്പ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഈവന്റ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.