വിഴിഞ്ഞം: തീരദേശ മേഖല കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മാറിയിട്ട് ദിവസം നാല് കഴിഞ്ഞു. അടച്ചു പൂട്ടലിൽ നിന്ന് തീരദേശത്തിന് മോചനം കിട്ടിയ കാര്യം ബന്ധപ്പെട്ട അധികൃതർ ആരുമറിഞ്ഞില്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിനു പ്രധാന കാരണമെന്ന് ആക്ഷേപം.
15 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിർത്തലാക്കിക്കൊണ്ടുള്ള ഓർഡർ ബന്ധപ്പെട്ടവർ ഇറക്കിയെങ്കിലും തീരദേശ മേഖലയിലെ രോഗ നിയന്ത്രണ ചുമതലയുള്ള ആരോഗ്യ വകുപ്പോ, ക്രമസമാധാനമുൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്ന പോലീസോ, ജനപ്രതിനിധികളോ അറിഞ്ഞില്ലെന്നാണ് പരാതി.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിയിപ്പ് എത്തിയത്. കൃത്യമായ നിർദേശം വരാത്തതിനാൽ തീരദേശത്ത് ഉണ്ടായിരുന്ന അടച്ച് പൂട്ടൽ ചെറിയ ഇളവോടെ ഇപ്പോഴും തുടരുന്നുണ്ട്.
പ്രധാന റോഡുകളിൽ നിന്നുള്ള ബാരിക്കേഡുകൾ ഓണത്തിന് അനുവദിച്ച ഇളവോടെ മാറ്റിയെങ്കിലും ഇടറോഡുകൾ അടച്ചുള്ള പോലീസ് കാവലിന് മാറ്റമില്ല. പൂന്തുറകുമരി ചന്തയിൽ നിന്നും പുല്ലുവിള മേഖലയിൽ നിന്നുമായി രോഗം മറ്റിടങ്ങളിലേക്ക് വൻതോതിൽ വ്യാപിച്ചതോടെ പത്ത് ആഴ്ചകൾക്ക് മുൻപാണ് തീരദേശം അടച്ച് പൂട്ടിയത്.
ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കണ്ടതോടെ ഇവിടങ്ങളിലെ പരിശോധനയും ദിവസങ്ങൾക്ക് മുമ്പേ കുറച്ചു. ഒരാഴ്ചക്കു ശേഷം വിഴിഞ്ഞത്ത് രോഗം കണ്ടെത്തിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 86 പേരിൽ നടത്തിയ പരിശോധനയിൽ ആറു പേർക്ക് മാത്രം രോഗം കണ്ടെത്തി.
സാമൂഹ്യ വ്യാപനം കണ്ടെത്തിയ പുല്ലുവിള പള്ളത്ത് ഇന്നലെ പരിശോധിച്ച 33 പേർക്കും നെഗറ്റീവാണ് .കഴിഞ്ഞ ദിവസം പൂവാറിൽ പരിശോധിച്ച മുപ്പതു പേരിൽ രണ്ട് പേർക്ക് മാത്രമായിരുന്നു രോഗം.
ഇവിടങ്ങളിൽ അടച്ചു പൂട്ടിയ റോഡുകൾ തുറക്കണമെങ്കിൽ അധികൃതരുടെ നിർദേശം എത്തണം. 15 ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് തീരദേശത്തെ പഞ്ചായത്തധികൃതരുടെ കൈയ്യിലും എത്തിയില്ലെന്നാണറിവ്.