ഋഷി
കോണ്ടസയിൽ കയറാനും ലഡു തിന്നാനുമുള്ള കാത്തിരിപ്പ് അവസാനിക്കാറായി. കോണ്ടസ സ്റ്റാർട്ടു ചെയ്തു കഴിഞ്ഞു, ലഡു ഉണ്ടാക്കിക്കഴിഞ്ഞു. സുദീപ് ഇയെസ് സംവിധാനം ചെയ്യുന്ന കോണ്ടസയും അരുണ് ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡുവും റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. മലയാള സിനിമയിൽ തങ്ങളുടേതായ കൈമുദ്ര പതിപ്പിച്ച തൃശൂർക്കാരായ പ്രഗത്ഭ സംവിധായകരുടെ നാട്ടിൽ നിന്നും എത്തുന്നവരെന്നതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ഇവരെ ഉറ്റുനോക്കുന്നത്.
കോണ്ടസയിൽ കയറും മുന്പ്
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് സുദീപ് ഇയെസ് കോണ്ടസ ഒരുക്കിയിരിക്കുന്നത്. കോണ്ടസയുടെ തിരക്കഥയും സുദീപിന്റെയാണ്. മംഗ്ലീഷ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് റിയാസിന്റെതാണ് കോണ്ടസയുടെ കഥ.
റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ ഗോപിസുന്ദർ പശ്ചാത്തല സംഗീതം ഒരുക്കി. അൻസർ ത്വയ്യിബ്ബാണ് കാമറ. തൃശൂർ സ്വദേശിയായ റിയാസ് കാളത്തോട് എഡിറ്റിംഗ് നിർവഹിച്ചു. പൂനെയിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളിയും ബിസിനസുകാരനുമായ സുഭാഷ് സിപ്പിയാണ് കോണ്ടസ നിർമിച്ചിരിക്കുന്നത്.
ശക്തമായ ഒരു സാമൂഹ്യവിഷയത്തെയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ സുദീപ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ശ്രീജിത് രവി, ഹരീഷ് പേരടി, സുനിൽ സുഖദ, രാജേഷ് ശർമ, കിച്ചു ഡെല്ലസ്, സുർജിത്, ബൈജു വാസു, ആതിര പട്ടേൽ, അതുല്യ തുടങ്ങിയ സീനിയർ താരങ്ങളും പുതുമുഖ താരങ്ങളും കോണ്ടസയിലെ യാത്രക്കാരാണ്.
ആക്ഷൻ മൂഡിലുള്ള കോണ്ടസയുടെ ടീസർ പ്രേക്ഷകരെ ഇതിനകംതന്നെ ആകർഷിച്ചു കഴിഞ്ഞു. മലയാളത്തിൽ ആരും കൈവെച്ചിട്ടില്ലാത്ത വിഷയമാണ് കോണ്ടസയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ സുദീപ് ഈയെസ് പറഞ്ഞു. എന്നാൽ ഇതൊരു ന്യൂജെൻ സിനിമയല്ല. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പല സാമൂഹ്യവിഷയങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ് ചിത്രം. ക്വാറിയും മണൽകടത്തുമെല്ലാം കോണ്ടസയിൽ കടന്നുവരുന്നു. ആക്ഷൻ ത്രില്ലർ ചിത്രമായി തന്നെയാണ് കോണ്ടസ അണിയിച്ചൊരുക്കിയിട്ടുള്ളത്.
ചന്ദ്രലേഖ സിനിമയിൽ ഇന്നസെന്റിനോട് മോഹൻലാൽ ഇടയ്ക്കിടെ പറയുന്ന കോണ്ടസ എന്നു പറയുന്നത് ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഡയലോഗാണ്. എന്താണ് ചിത്രത്തിന് കോണ്ടസ എന്ന് ടൈറ്റിലിട്ടതെന്ന് ചോദിച്ചപ്പോൾ അത് സസ്പെൻസാണെന്നും ചിത്രം കണ്ടു കഴിയുന്പോൾ അത് മനസിലാകുമെന്നും സംവിധായകൻ സുദീപ് ഈയെസ് പറഞ്ഞു.
കേരളത്തിലെ മികച്ച പ്രഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫറായ സുദീപ് ഈയെസ് നിരവധി പരസ്യചിത്രങ്ങളും പോലീസ്, എക്സൈസ് വകുപ്പുകൾക്കു വേണ്ടി ശ്രദ്ധേയമായ പല ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ ആദ്യസിനിമയ്ക്ക് ഇതെല്ലാം ഏറെ സഹായിച്ചുവെന്ന് സുദീപ് പറഞ്ഞു.
ചിത്രത്തിലെ ഉണരുക ഉണരുക ഉയിരേകി ഉലകിന് കാവലായ് മാറുക എന്ന ഗാനം ഇതിനകം തന്നെ ഹിറ്റ്ചാർട്ടിലിടം പിടിച്ചു കഴിഞ്ഞു. കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് ഗാനമെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ഗാനം. അപ്പാനി ശരത്തിന്റെ അടിപൊളി പാട്ടും ഇതിനകം ഹിറ്റായിക്കഴിഞ്ഞു.