സിജോ പൈനാടത്ത്
കൊച്ചി: “എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..! ഏറ്റെടുക്കുന്ന സ്ഥലത്തിനു മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി തുക,
പൊളിച്ചുമാറ്റുന്ന വീടിനു കാലപ്പഴക്കം പരിഗണിക്കാതെ പകരം പുതിയ വീടു നിര്‍മിക്കാനുള്ള തുക, പുനരധിവാസ പാക്കേജിലെ അനുകൂല്യങ്ങള്‍…!!
നാടിന്റെ വികസനത്തിനു വേണ്ടി ഭൂമിയും വീടും വിട്ടുനല്‍കിയ എനിക്കു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു വീടു വയ്ക്കാന്‍ ആയിട്ടില്ല.
സര്‍ക്കാരിനു കിടപ്പാടം വിട്ടുകൊടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് എന്നൊക്കെ പറയുമ്പോള്‍ കണ്ണടച്ചു വിശ്വസിക്കല്ലേ…!’
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിച്ച ഘട്ടത്തില്‍ റോഡിനായി വീടും സ്ഥലവും വിട്ടു നല്കിയ മൂലമ്പിള്ളി കോതാട് പനക്കല്‍ പി.ടി. ഫ്രാന്‍സിസാണ് വികസന പദ്ധതികളില്‍ മൂടിവയ്ക്കപ്പെട്ട നോവ് പങ്കുവയ്ക്കുന്നത്.
മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനു കോടതിയെ സമീപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ഫ്രാന്‍സിസിനു സര്‍ക്കാര്‍ പുനരധിവാസ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഇപ്പോഴും നിഷേധിക്കുന്നത്.
ഫ്രാന്‍സിസിന് ആകെയുണ്ടായിരുന്ന ഒമ്പതു സെന്റില്‍ അഞ്ചു സെന്റ് ഭൂമിയും വീടും കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വിട്ടുനല്‍കിയിരുന്നു.
ഇവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് മുറികള്‍ ഉള്‍പ്പെടെയുള്ള 1,200 ചതുരശ്ര അടി വിസ്തീര്‍ണത്തിലെ വീട് പൊളിച്ചുമാറ്റി.
സെന്റിന് 30,000 രൂപയായിരുന്നു അന്നത്തെ വില. വീടിനു കിട്ടിയത് ആകെ ഒരു ലക്ഷം രൂപ. ആ തുകയ്ക്കു വീടു നിര്‍മാണം അസാധ്യമായതിനെത്തുടര്ന്നു ഫ്രാന്‍സിസ് വാടകവീട്ടിലേക്കു മാറി. കൂടുതല്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു വീടു നിര്‍മിക്കാന്‍ സ്ഥലവും അതുവരെയുള്ള വീട്ടുവാടകയ്ക്കും പൈലിംഗിനുമുള്ള തുകയും ഉള്‍പ്പെടുത്തി പിന്നീടു സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിനെതിരേ കോടതിയെ സമീപിച്ചതിനാല്‍ പാക്കേജിന്റെ ആനുകൂല്യത്തിന് അര്‍ഹനല്ലെന്നാണ് അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചതെന്നു ഫ്രാന്‍സിസ് പറയുന്നു.
പദ്ധതിക്കായി വിട്ടുനല്‍കിയതിനു പുറമേയുള്ള നാലു സെന്റില്‍ വീടു നിര്‍മിക്കാന്‍ ശ്രമിച്ചിട്ടും കടമക്കുടി പഞ്ചായത്ത് അനുമതി നല്‍കിയില്ല.
കണ്ടെയ്നര്‍ റോഡില്‍നിന്നു നിശ്ചിതഅകലം പാലിച്ചു വീടു നിര്‍മിക്കണമെന്ന കര്‍ശന നിബന്ധനയാണു തടസമായത്. നിബന്ധനയില്‍ ഇളവുണ്ടാകുമെന്നു ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനമുണ്ടായെങ്കിലും ഒന്നും നടന്നില്ല.
നേരത്തെ ബസ് തൊഴിലാളിയായിരുന്ന ഫ്രാന്‍സിസിന് ഇപ്പോള്‍ കൂലിപ്പണിയാണ് ആശ്രയം. ഭാര്യ ഡയാനയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം ഏറെക്കാലം വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
പരേതയായ സഹോദരി റെജീനയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. വല്ലാര്‍പാടം പദ്ധതിക്കായി സ്ഥലം വിട്ടു നല്കിയ റെജീനയുടെ വീടിനും സാങ്കേതിക കാരണങ്ങള്‍ നിരത്തി പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടില്ല.