പുരുഷന്മാര്ക്കും ഗര്ഭനിരോധന ഗുളിക ? കേട്ടിട്ട് സംശയിക്കേണ്ട സംഗതി സത്യമാണ്. ഇത്തരത്തിലൊരു ഗുളികയുടെ ക്ലിനിക്കല് പരീക്ഷണം മികച്ച റിസല്റ്റാണുണ്ടാക്കിയിരിക്കുന്നത്.
ആദ്യപരീക്ഷണഘട്ടത്തില് ഏകദേശം 90 ശതമാനത്തിലധികം ഫലം നല്കിയ മരുന്നുകള് രണ്ടാംഘട്ടത്തിലും മികവുനിലനിര്ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.
പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. അറ്റ്ലാന്റയില് നടന്ന എന്ഡോക്രൈന് സൊസൈറ്റി വാര്ഷികയോഗത്തില് ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങള് പങ്കുവെച്ചിരിക്കുന്നത്.
എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്ന്നാണ് ക്ലിനിക്കല് പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തില് 96 പുരുഷന്മാരാണ് പങ്കെടുത്തത്.
28 ദിവസം നിത്യേന 200 മില്ലിഗ്രാം മരുന്നു കഴിച്ചവരില് കഴിക്കാതിരുന്നവരെക്കാള് ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു.
പ്രതിദിനം 400 മില്ലിഗ്രാം മരുന്നു കഴിച്ചവരില് ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു.
മരുന്നുപയോഗിച്ചവര്ക്ക് പറയത്തക്ക പാര്ശ്വഫലങ്ങള് ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്.
കൂടുതല് ആളുകളില് ഈ ഘട്ടത്തില് പരീക്ഷണം നടത്തി. ഇതും മികച്ച ഫലമാണെങ്കില് മൂന്നാംഘട്ടത്തിലേക്ക് കടക്കും. അടുത്ത പടിയായി ഗുളികകള് വിപണിയിലുമെത്തിക്കാം.