പത്തനംതിട്ട: ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകളിൽ കരാറുകാർക്ക് ലഭിക്കാനുള്ളത് 700 കോടി രൂപ. കുടിശിക നൽകുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ കരാറുകൾ പൂർണമായി ബഹിഷ്കരിക്കുന്നതായി ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നടപ്പു സാന്പത്തികവർഷത്തെ 70 ശതമാനം ജോലികളുടെയും കരാറുകൾ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ സാന്പത്തികവർഷം തദ്ദേശസ്ഥാപനങ്ങളുടെ 80 കോടി രൂപയോളം ജോലികൾ ഏറ്റെടുക്കാനാകാത്ത സ്ഥിതിയിലായിരുന്നു. ഇവ കൂടി ഉൾപ്പെടുത്തി 60 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചതായി അവകാശവാദമുന്നയിക്കുകയായിരുന്നു.
നിലവിൽ മാർച്ച് 31നകം പദ്ധതി വിഹിതം ചെലവഴിക്കാനാകാത്ത സാഹചര്യത്തിൽ പഴയ ജോലികൾ കൂടി ഉൾപ്പെടുത്തി നേട്ടം കൈവരിക്കാനുള്ള ശ്രമമാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളുടെ കരാർ ജോലികൾ ഏറ്റെടുക്കേണ്ടില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്ന് കരാറുകാർ പറഞ്ഞു.
മുൻവർഷങ്ങളിൽ സാന്പത്തികവർഷത്തിന്റെ അവസാന മൂന്നുമാസങ്ങളിലാണ് ട്രഷറി നിയന്ത്രണം നിലനിന്നിരുന്നതെങ്കിൽ നിലവിൽ കഴിഞ്ഞ നവംബർ മുതൽക്കേ സാന്പത്തിക ഇടപാടുകൾ നടക്കുന്നില്ല. പൊതുമരാമത്ത് വകുപ്പ്, ജലഅഥോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലേതടക്കം ജില്ലയിൽ 700 കോടി രൂപയോളം കരാറുകാർക്ക് ലഭിക്കാനുണ്ട്.
ചെറുകിട, ഇടത്തരം കരാറുകാരെ പൂർണമായി ഒഴിവാക്കി ഈ മേഖലയിൽ കുത്തക സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കിഫ്ബി അടക്കമുള്ള പദ്ധതികളിൽ കരാറുകാരെ ഒഴിവാക്കാനുള്ള ശ്രമമുണ്ട്. ചെറുതും വലുതുമായ ജോലികൾ ഒന്നിച്ച് ഏറ്റെടുത്ത് കരാർ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്.
കരാർ തുകയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലും കരാറുകാരെ കുറ്റവാളികളെപ്പോലെ കാണുന്ന സമീപനമാണ് പൊതുമരാമത്ത് മന്ത്രി സ്വീകരിക്കുന്നതെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 5000 കോടി രൂപ കരാറുകാർക്ക് ലഭിക്കാനുണ്ട്. കരാറുകാർക്ക് ജോലി തുടരാനാകാത്ത സ്ഥിതിയിലാണ്.
നീതി നിഷേധവും ചെയ്ത ജോലിയുടെ ബില്ലു നിഷേധിക്കുകയുമാണ് ചെയ്തുവരുന്നത്. ലൈസൻസ് പുതുക്കുന്നത് കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം കരാർ ഒപ്പുവയ്ക്കുന്പോൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി എന്നതിനുപകരം അഞ്ചു ശതമാനം തുകയെന്നു കണക്കാക്കിയിരിക്കുകയാണ്.
കരാർ ജോലികൾക്കുള്ള ടാർ വിതരണം തന്നെ നിർത്തിവയ്ക്കുന്ന സമീപനമാണ് നിലവിലുള്ളതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് സൈബു, ജനറൽ സെക്രട്ടറി കമറുദ്ദീൻ മുണ്ടൻതറയിൽ, ട്രഷറാർ പി.എം. അനീർ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. വിൽസണ്‍, താലൂക്ക് സെക്രട്ടറി ലിസൻ ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.