തൃശൂർ: കൈക്കൂലി നൽകാത്തതിനാൽ പണി ചെയ്തതിന്റെ ബില്ല് പാസാക്കാത്തതു മൂലം ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നു കരാറുകാരൻ. സർക്കാർ കോണ്‍ട്രാക്ടറായ പെരിങ്ങോട്ടുകര സ്വദേശി കെ.വി.അനിൽകുമാറാണ് താൻ ആത്മഹത്യയിലൂടെ വക്കിലാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
2016ൽ തൃശൂർ-പെരുന്പുഴ കനാലിലെ ചണ്ടിവാരിയ പണിക്ക് 4,20,000 രൂപയാണ് ലഭിക്കാനുള്ളത്. പെരുന്പുഴ കനാലിലെ 56,000 സ്ക്വയർ മീറ്റർ സ്ഥലത്തെ ചണ്ടി വാരാനാണ് മൂന്നുമാസ കാലാവധിയുള്ള കരാർ നൽകിയിരുന്നത്. മുണ്ടകൻ കൃഷിക്കായി അടിയന്തര പ്രാധാന്യമുള്ളതിനാൽ ഒരു മാസം കൊണ്ടുതന്നെ പറഞ്ഞതിലും കൂടുതൽ സ്ഥലത്തെ ചണ്ടിവാരി പണി തീർത്തിരുന്നു.
തുടർന്ന് ബില്ല് പാസാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തൃശൂർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ പത്തുശതമാനം കൈക്കൂലി നൽകാതെ പണം തരില്ലെന്നു പറഞ്ഞത്. കൈക്കൂലി നൽകില്ലെന്നു പറഞ്ഞതോടെ കരാറിലില്ലാത്ത പണി ചെയ്തതിനാൽ ബില്ല് തടഞ്ഞുവയ്ക്കുകയാണെന്നു പറഞ്ഞു. കനാലിന്റെ ഇരുഭാഗത്തുനിന്നുമാണ് ചണ്ടിനീക്കേണ്ടതെന്നാണ് പറഞ്ഞത്. എന്നാൽ, എത്ര വീതിയിലാണെന്നു പറഞ്ഞിട്ടില്ല.
ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ചണ്ടി, കുളവാഴ പോലുള്ളവ ഭാഗികമായി എടുത്താൽ നടുവിലുള്ളവ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്തേക്ക് ഒഴുകിയെത്തും. ബില്ല് പാസാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലസേചന മന്ത്രിക്കും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനും പരാതികൾ നൽകിയിട്ടും അനുകൂല തീരുമാനമുണ്ടായില്ല. അതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു.
പത്രസമ്മേളനത്തിൽ കോണ്‍ട്രാക്ടർമാരായ എ.കെ.മോഹനൻ, ഫ്രെഡി ഇയ്യുണ്ണി, എം.കെ.ജോണ്‍, നേർവഴി മനുഷ്യാവകാശ സമിതി സെക്രട്ടറി ടി.കെ. നവീനചന്ദ്രൻ എന്നിവരും പങ്കെടുത്തു.