മാഹി: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എയ്റോബ്രിഡ്ജുമായി എത്തിയ മൂന്നാമത്തെ കണ്ടെയ്നർ ലോറി കുരുക്കുകളില്ലാതെ മാഹി പാലം കടന്നു. ഇന്ന് രാവിലെ 6.45 ന് മാഹി അതിർത്തിയായ പൂഴിത്തലയിൽ എത്തിയ കണ്ടെയ്നർ 40 മിനുട്ടുകൊണ്ടാണ് മാഹി അതിർത്തിപിന്നിട്ടത്.
ലോറി സ്റ്റാച്യു ജംഗ്ഷനിൽ അനായാസം മുന്നോട്ടെടുത്തു. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലേക്ക് എയ്റോബ്രിഡ്ജുമായി മാഹിയിൽ എത്തിയ രണ്ട് കണ്ടെയ്നുകൾ മൂന്നു മണിക്കൂറോളം ടാഗോർ പാർക്കിന് സമീപം സ്റ്റാച്യു ജംഗഷനിൽ കുടുങ്ങുകയും ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു.
മാഹി എസ്ഐ വിബൽകുമാർ, ന്യൂ മാഹി എസ്ഐ. സുമേഷ്, മാഹി വൈദ്യുതി ബോർഡ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കണ്ടെയ്നർ കടന്നുപോകുവാൻ സൗകര്യം ഒരുക്കി. മാഹി ദേശീയപാതയിലെ വൈദ്യുതി രാവിലെ ആറിന് ഓഫാക്കിയിരുന്നു. മാഹി പാലത്തിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ ഒളവിലം വഴി തിരിച്ചുവിട്ടു.
തലശേരി പോലീസ് സെയ്താർ പള്ളിയിൽ നിന്ന് മാഹിയിലേക്ക് പോകുന്ന വാഹനങ്ങളെ ടെമ്പിൾ ഗെയ്റ്റ് വഴിയും തിരിച്ചു വിട്ടതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. രാവിലെ കണ്ടെയ്നർ മാഹിയിൽ പ്രവേശിക്കുന്നതിന് അല്പം മുമ്പ് സിമന്റുമായി കണ്ണുർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി പാതയിൽ നിന്നു പോയത് പോലീസിനെ കുഴക്കിയിരുന്നു. എന്നാൽ, ഡ്രൈവർ പോലീസിന്റെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ട് തൊട്ടടുത്ത പെട്രോൾ പമ്പിൽ സിമന്റ് ലോറി എത്തിക്കുകയായിരുന്നു.