ഭാവിതലമുറയ്ക്ക് മുതല്‍ക്കൂട്ടാവേണ്ട കുട്ടികള്‍ക്ക് നല്ലതുമാത്രം പറഞ്ഞുകൊടുക്കേണ്ട അമ്മമാര്‍ കുട്ടികളുടെ മുന്നില്‍വച്ച് മോശം വാക്കുകള്‍ ഉപയോഗിച്ച് ദുര്‍മാതൃക കാട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. കനേഡിയന്‍ യുവതി മിസ്സിസ്സ്‌സോഗയിലെ ആശുപത്രിയിലെത്തിയാണ് അത്യന്തം നാടകീയമായ പെരുമാറ്റത്തിലൂടെയും മോശമായ വാക്കുകളിലൂടെയും വംശീയപരാമര്‍ശം നടത്തിയത്. തന്റെ കുട്ടിക്ക് സുഖമില്ലെന്നും അവനെ വെളുത്ത ഡോക്ടര്‍ പരിശോധിച്ചാല്‍ മതിയെന്നും തവിട്ടു നിറത്തിലുള്ള ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ക്ലിനിക്കില്‍ വെള്ളക്കാരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമില്ലെന്ന് ആശുപത്രി ജീവനക്കാരി യുവതിയെ അറിയിച്ചു.
ഇതില്‍ ക്ഷുഭിതയായ യുവതി തവിട്ടു നിറവും തവിട്ടു പല്ലുകളുമുള്ള ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാത്ത ഡോക്ടര്‍മാര്‍ തന്റെ കുട്ടിയെ ചികിത്സിക്കണ്ടെന്നു പറഞ്ഞ് ക്ലിനിക്കില്‍ ബഹളമുണ്ടാക്കി. ഡോക്ടറെ കാണാനായെത്തിയ മറ്റുരോഗികള്‍ യുവതിയോട് കുഞ്ഞിനെയും കൊണ്ട് വേറെ ആശുപത്രിയില്‍ പോകുവാന്‍ ഉപദേശിച്ചു. എന്നാല്‍ അതിനു കൂട്ടാക്കാതെ വംശീയ അധിക്ഷേപം തുടര്‍ന്നുകൊണ്ട് കൂടുതല്‍ ബഹളമുണ്ടാക്കുകയാണ് യുവതി ചെയ്തത്. യുവതിയുടെ ഈ പെരുമാറ്റം മറ്റ് സന്ദര്‍ശകരെയും ചൊടിപ്പിച്ചു. തുടര്‍ന്ന് ഹിതേഷ് ഭരദ്വാജ് എന്നയാള്‍ യുവതിയുടെ പരാക്രമണങ്ങളുടെ വീഡിയോയെടുത്തു. ആളുകള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് കാനഡയില്‍ എത്തിയിട്ടും ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഒരുപാടാളുകളെ തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറയുന്നു. ഇത്തരം അവഹേളനങ്ങള്‍ പലയിടത്തുനിന്നും സഹിക്കേണ്ടി വരുന്നുണ്ടെന്നും മിക്കപ്പോഴും സഹിക്കാവുന്നതിലുമപ്പുറമാണെന്നുമാണ് ഇതേക്കുറിച്ച് ആളുകള്‍ പ്രതികരിച്ചത്.