കോഴിക്കോട് : പോലീസിന്റെ “ദ്രുതകര്‍മ’ വിഭാഗമായ കണ്ട്രോള് റൂമിന്റെ കാര്യക്ഷമത നേരിട്ട് മനസിലാക്കാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്താനുമായി കമ്മീഷണറുടെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെ 6.30 ഓടെയാണ് മുന്‍കൂട്ടി അറിയിപ്പും അകമ്പടിയുമില്ലാതെ ട്രാക്ക്സ്യൂട്ടും ടീഷേര്‍ട്ടും ധരിച്ചും സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡിന് കണ്ട്രോള് റൂമില്‍ എത്തിയത്. എന്നാല്‍ കമ്മീഷണറെ തിരിച്ചറിയാന്‍ എസ്ഐക്കോ മറ്റു സേനാംഗങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല.
ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത് . രാത്രി പട്രോളിങിനുള്ള വാഹനങ്ങളുടെ വിന്യാസവും പരിശോധിച്ചു. 10 കണ്ട്രോള് റൂം വാഹനങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ച് വാഹനങ്ങളില്‍ നിന്നും വയര്‍ലെസ് സന്ദേശത്തിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ 15 പോലീസുദ്യോഗസ്ഥര്‍ക്കെതിരേ കമ്മീഷണര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
ഓര്ഡേലി മാര്‍ച്ച് നടത്താനാണ് നിര്‍ദേശിച്ചിത്. തുടര്‍ന്ന് കണ്ട്രോള് റൂം വാഹനത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കമ്മീഷണര്‍ നേരിട്ട് പട്രോളിങ് നടത്തുകയും ചെയ്തു. സ്ഥിരം അപകട മേഖലകളായ ചിന്താവളപ്പ് ജംഗ്ഷന് , പാളയം, ബീച്ച് റോഡ് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.
ചിന്താവളപ്പ് റോഡിലെ കുഴി കാരണം നിരന്തരം അപകടങ്ങള്‍ ഉണ്ടാവുന്നതായും ഈ മേഖലയിലെ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നും പരിസരവാസികള്‍ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തി. പാളയം പച്ചക്കറി മാര്ക്കറ്റിനുമുമ്പിലെ അതിരാവിലെയുള്ള ഗതാഗത ക്രമീകരണങ്ങളും പരിതാപകരമാണെന്ന് കമ്മീഷണര്‍ വിലയിരുത്തി. സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് ഭാഗവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.