സല്മാന് ഖാന്റെ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടന് നിര്‍ദേശിച്ചിരുന്നതായി യുവനടി പലക് തിവാരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു.
നടിയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സല്മാന് ഖാന്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു നടന്റെ പ്രതികരണം.
സല്മാന് ഖാന് തന്റെ ചിത്രങ്ങളില്‍ ഷര്‍ട്ട് അഴിച്ചുമാറ്റി അഭിനയിക്കുകയും സ്ത്രീകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് അല്ലേയെന്ന് അവതാരക നടനോട് ചോദിച്ചു.
ഇതിന് മറുപടിയായി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് ഇല്ലെന്ന് താരം പറഞ്ഞു. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടി വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും സല്മാന് ഖാന് പറഞ്ഞു.
തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര് നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സല്മാന് ഖാന് വ്യക്തമാക്കി.
17-ാം വയസ്സില്‍ സല്മാന് ഖാന് അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ടല്ലോയെന്ന് അവതാരക ചോദിച്ചു. ആ സമയത്ത് അത് കുഴപ്പമില്ലായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ അന്തരീക്ഷം മോശമാണെന്നും താരം വെളിപ്പെടുത്തി.
നമ്മുടെ പെണ്‍കുട്ടികളെയും സഹോദരിയെയും ഭാര്യയെയും അമ്മയെയും ഒന്നും ചിലര്‍ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ലെന്നും സല്മാന് ഖാന് കൂട്ടിച്ചേര്‍ത്തു.
നടി ശ്വേത തിവാരിയുടെ മകളാണ് പാലക്. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സല്മാന് നിര്‍ബന്ധമുണ്ടെന്ന് പലക് പറഞ്ഞിരുന്നു.
‘സല്മാന് ഖാന് പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ്. ശരിയാണ് ആര്‍ക്ക് എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാര് സെറ്റിലുണ്ടാകുമ്പോള്‍’- പലക് പറഞ്ഞു.
പലകിന്റെ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സല്മാന് ഖാനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായി.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അതിനെ സംരക്ഷിക്കണം എന്ന് പറഞ്ഞ് ന്യായീകരിക്കാനാകില്ലെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് നടി പലക് തിവാരി എത്തിയിരുന്നു.
‘കിസി കാ ഭായി കിസി കി ജാന്‍’ എന്ന ചിത്രമാണ് സല്‍മാന്റേതായി ഏറ്റവും അടുത്ത് തീയറ്ററിലെത്തിയത്. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക. വെങ്കടേഷ്, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.