പ്രണയം,തട്ടിക്കൊണ്ടു പോകല്‍, പീഡനം,ഗര്‍ഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍…

പത്തനംതിട്ട: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിളിക്കാവുന്ന പീഡനകഥയിലെ പ്രതി ഒടുവില്‍ പിടിയിലായി. പ്രണയം, ഒളിച്ചോട്ടം, പീഡനം, ഗര്‍ഭം എന്നിങ്ങനെ സിനിമക്കഥയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരയാക്കിയ പ്രതി രണ്ടു വര്‍ഷത്തിന് ശേഷമാണ് പിടിയിലായിരിക്കുന്നത്. പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ മാലിയില്‍ രാജപ്പന്റെ മകന്‍ ജയേഷി(23)നെയാണ് ആറന്മുള ഇന്‍സ്‌പെക്ടര്‍ ബി അനില്‍ റാവുത്തര്‍ അറസ്റ്റു ചെയ്തത്.

നിരവധി ട്വിസ്റ്റുകള്‍ക്കൊടുവിലാണ് പ്രതി പിടിയിലാകുന്നത്. 2016 ഒക്ടോബര്‍14 നാണ് കേസിന് ആസ്പദമായ സംഭവം. അയിരൂര്‍ കാഞ്ഞീറ്റുകര സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തിനൊടുവില്‍ കടത്തിക്കൊണ്ടു പോയി ഒളിവില്‍ താമസിപ്പിക്കുകയായിരുന്നു ജയേഷ്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച ആറന്മുള പൊലീസ് ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഈ സമയം പൂര്‍ണ ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ പിന്നീട് ചികിത്സാര്‍ഥം എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റുകയും ചെയ്തു.

അവിടെ താമസിക്കുന്നതിനിടയില്‍ ജയേഷ് എത്തി പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ഇവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടര്‍ന്നു വരികയായിരുന്നു. അതിനിടെ ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ പുതുക്കോട്ട തിരുമയം ലംബ്ലാക്കുടിയില്‍ ഇവര്‍ ഉണ്ടെന്ന് കണ്ടെത്തി. അവിടെ നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. പ്രതി ജയേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts