ക്രോണിന്റെ അമ്മ മിഷേലിന് മെസേജ് അയച്ചത് എന്തിന്; മിഷേലിന്റെ ഫോണ്‍ കിട്ടാത്തത് അന്വേഷണം വഴിമുട്ടിക്കുന്നു; കേസന്വേഷണം ക്രൈംബ്രാഞ്ചിന്

cron600കൊച്ചി: നടിയെ ആക്രമിച്ച കേസിലെന്നതു പോലെ സിഎ വിദ്യാര്‍ഥിനി മരണപ്പെട്ട കേസിലും ഫോണ്‍ കണ്ടെത്താനാവാത്തത് അന്വേഷണത്തെ ബാധിക്കുന്നു. മിഷേലിന്റെ ഫോണ്‍കോള്‍ രേഖകളില്‍ നിന്നുമാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയുടെ മാതാവ് വിളിച്ച വിവരം പുറത്തു വന്നിരിക്കുന്നത്. മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ മാതാവ് എസ്എംഎസ് അയച്ചതിന് മറുപടിയായി ഏകദേശം മൂന്നരയോടെ മിഷേല്‍ വിളിക്കുകയായിരുന്നു.

മിഷേലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് രണ്ടു പേരുടെയും മാതാപിതാക്കള്‍ക്കുമറിയാമായിരുന്നെന്നാണ് ക്രോണിന്‍ പറയുന്നത്.
അതേസമയം ക്രോണിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്നും മിഷേല്‍ ഈ ബന്ധത്തെക്കുറിച്ചു പറയുകയോ ക്രോണിനെക്കുറിച്ച് പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മിഷേലിന്റെ പിതാവ് ഷാജിയും പറയുന്നു. ക്രോണിന്‍ തങ്ങളുടെ ബന്ധു അല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് അട്ടമിറിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയദൃഷ്ടി പോലീസിനു നേരെ നീളുകയാണ്. ഇതിനു പിന്നാലെയാണ് ക്രോണിന്റെ അമ്മയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ എത്തുന്നത്.
മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടു മുമ്പ് ക്രോണിന്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് വിളിച്ചതെന്നാണ് മാതാവ് നല്‍കുന്ന വിവരം. ക്രോണിന്‍ തന്നെ വിളിച്ച് മിഷേലിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഫോണ്‍ വിളിച്ചതെന്നാണ് മാതാവിന്റെ മൊഴി.

ക്രോണിന്‍ മിഷേലിന് അയച്ച മെസേജുകളാണ്  കേസിലെ നിര്‍ണായക തെളിവുകള്‍. എന്നാല്‍ പോലീസില്‍ ഹാജരാക്കും മുമ്പ് ക്രോണിന്‍ അതു നശിപ്പിച്ചതും  മിഷേലിന്റെ ഫോണ്‍ കണ്ടെത്താനാകാത്തതും കേസിനെ വഴിമുട്ടിക്കുകയാണ്. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പുവരെ നൂറിലധികം മെസേജുകളാണ് ക്രോണിന്‍ മിഷേലിനയച്ചത്. മിഷേലിന്റെ ഫോണ്‍ കണ്ടെത്തിയാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനിടെ ക്രോണിന്റെ മൊബൈലില്‍ നിന്ന് മെസേജ് റിട്രീവ് ചെയ്‌തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പരാതി സജീവമായ സാഹചര്യത്തില്‍ മിഷേല്‍ കേസ് ഇന്ന് െ്രെകംബ്രാഞ്ച് ഏറ്റെടുക്കും. മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് സെന്‍ട്രല്‍ സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ അബ്ദുല്‍ ജലീലിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും കമ്മിഷണര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട. പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതിനു കാരണമായത്.

Related posts