കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഇടവേളയെടുക്കാനോ അവസരമുണ്ടെങ്കിലും പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ഇതൊന്നും ബാധകമല്ല.
രാവും പകലും അവധിപോലുമില്ലാതെ ഈ മുൻനിര പോരാളികൾ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ്. ഇതിനിടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും ഇവർക്ക് നഷ്ടമാകുന്നുണ്ട്.
26 വർഷത്തെ സർവീസിനുശേഷം ഇന്നലെ വിരമിച്ച കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐ കെ.സജീവന് സഹപ്രവർത്തകരിൽനിന്നു ലഭിച്ചത് അപ്രതീക്ഷിത യാത്രയയപ്പായിരുന്നു.
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കക്കാട് അരയാൽത്തറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പതിവുപോലെ സജീവന്റെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തി യാത്രക്കാർക്ക് കോവിഡ് ബോധവത്കരണം നൽകുകയായിരുന്നു.
3.30ന് സ്റ്റേഷൻ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറും പ്രിൻസിപ്പൽ എസ്ഐ സി. ഷൈജുവും വാഹന പരിശോധന നടത്തുന്ന സ്ഥലത്തെത്തി.
രണ്ടുപേരുടെയും കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.
26 വർഷത്തെ സേവനത്തിനുശേഷം ഇന്നലെ വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നടുറോഡിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എഎസ്ഐ സജീവന് യാത്രയയപ്പ് നൽകുവാനാണ് രണ്ടുപേരും സ്ഥലത്തെത്തിയത്.
സജീവന് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും കൈയിലെ പൂച്ചെണ്ട് കണ്ടപ്പോൾ മേലുദ്യോഗസ്ഥരുടെ സന്ദർശനലക്ഷ്യം ബോധ്യമായി.
മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്തശേഷം നിറകണ്ണുകളോടെ സജീവൻ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി.
പ്രത്യേക സമ്മേളനം നടത്തി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കേണ്ട ചടങ്ങാണ് മഹാമാരിക്കാലത്ത് ഇത്തരത്തിൽ നടത്തേണ്ടിവന്നത്.