ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 പേർ മരിച്ചു.
ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ മരിച്ചത്.
പുലർച്ചെ രണ്ടു മണിക്കൂർ നേരം ഓക്സിജൻ കിട്ടാതെയായെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.
കർണാടകത്തിലും ആശുപത്രികളിൽ പ്രാണവായുവിനു കടുത്ത ക്ഷാമം നേരിടുകയാണ്.
ബംഗളൂരുവിലും കൽബുർഗിയിലും ആശുപത്രികളിൽ ചികിത്സയിലിരുന്ന ആറു രോഗികളാണ് ഇന്നലെ മാത്രം ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്.
നഗരത്തിലെ ഒട്ടേറെ ആശുപത്രികൾ ഓക്സിജൻ അഭ്യർഥന പുറത്തിറക്കിയിരുന്നു.
തുടർന്നാണ് പലയിടത്തും സ്റ്റോക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് 55 ശതമാനമായി ഉയർന്നിരിക്കുകയാണ്.