ലണ്ടൻ: ന്യൂസിലൻഡ് ഓപ്പണർ ഡെവോണ്‍ കോണ്‍വെയുടെ അരങ്ങേറ്റത്തിൽ തകർന്നത് ക്രിക്കറ്റ് ചരിത്രത്തിൽ 125 വർഷം പഴക്കമുള്ള റിക്കാർഡ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 347 പന്തിൽ 200 റണ്‍സ് നേടിയ കോണ്‍വെ തന്റെ ഇന്നിംഗ്സിനിടെ മറികടന്നത് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അടക്കമുള്ള റിക്കാർഡുകൾ.
ലോഡ്സിൽ അരങ്ങേറ്റ ടെസ്റ്റിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന സൗരവ് ഗാംഗുലിയുടെ റിക്കാർഡാണ് ആദ്യം കോണ്‍വെ മറികടന്നത്. 1996ൽ ഗാംഗുലി നേടിയ 131 റണ്‍സ് 25 വർഷത്തിനുശേഷം തകർക്കപ്പെട്ടു.
വ്യക്തിഗത സ്കോർ 155ൽ എത്തിയതോടെ മറ്റൊരു റിക്കാർഡും ഇരുപത്തൊന്‍പതുകാരനായ കോണ്‍വെ മറികടന്നു. ഒരു അരങ്ങേറ്റക്കാരൻ ഇംഗ്ലണ്ടിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന 125 വർഷം പഴക്കമുള്ള കെ.എസ്. രഞ്ജിത്സിംഗ്ജിയുടെ റിക്കാർഡായിരുന്നു തകർക്കപ്പെട്ടത്.
1896ൽ ഇംഗ്ലണ്ടിനായി ഓസ്ട്രേലിയയ്ക്കെതിരേ മാഞ്ചസ്റ്ററിലായിരുന്നു രഞ്ജിത്സിംഗ്ജിയുടെ 154 നോട്ടൗട്ട് പ്രകടനം.ലോർഡ്സിലെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആറാമൻ, ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന 11-ാമത് ന്യൂസിലൻഡ് താരം, ലോർഡ്സിലെ അരങ്ങേറ്റത്തിലെ ഉയർന്ന സ്കോർ തുടങ്ങിയ റിക്കാർഡുകളും കോണ്‍വെ സ്വന്തമാക്കി.
ഹാരി ഗ്രഹാം (ഓസ്ട്രേലിയ), സൗരവ് ഗാംഗുലി എന്നിവർക്കുശേഷം ലോർഡ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരവുമാണ്.കോണ്‍വെയുടെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 378 റണ്‍സ് നേടി.
ഹെൻറി നിക്കോൾസ് (61) മാത്രമാണ് അർധസെഞ്ചുറികടന്ന മറ്റൊരു ബാറ്റ്സ്മാൻ. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 18 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഡോം സിബ്ലി (0), സാക് ക്രൗളി (2) എന്നിവരെയാണ് ഇംഗ്ലണ്ടിനു തുടക്കത്തിലേ നഷ്ടപ്പെട്ടത്.