ജിജി ലൂക്കോസ്
ന്യൂഡൽഹി: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കേന്ദ്ര സർക്കാർ.
പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയ കേന്ദ്രം, ആളുകൾ കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ആവശ്യമെങ്കിൽ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. അതേസമയം, ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി ഏഴ് വരെ കേന്ദ്ര വ്യോമയാന മന്ത്രാലയം നീട്ടി.
ബ്രിട്ടനിൽനിന്നെത്തിയ 14 പേർക്കുകൂടി ഇന്നലെ ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.ഇതോടെ ബ്രിട്ടനിൽനിന്നെത്തിയവരിൽ ജനിതക മാറ്റത്തിനു വിധേയമായ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി.
ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ- എട്ട് (14 പേരെ പരിശോധിച്ചു), കോൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ബയോമെഡിക്കൽ ജിനോമിക്സ്- ഒന്ന് (ഏഴ് സാന്പിളുകൾ), പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി- ഒന്ന് (50), ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്- ഏഴ് (15), ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി- രണ്ട് (15), ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി- ഒന്ന് (ആറ്) എന്നിങ്ങനെയാണ് ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ. ഇവരെ സിംഗിൾ റൂം ഐസൊലേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്.
ഇവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നു കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഉത്തർപ്രദേശിൽനിന്നുള്ള രണ്ടു വയസുകാരിയും കർണാടകത്തിൽനിന്നുള്ള ഏഴു പേരും ഡൽഹിയിൽനിന്നുള്ള നാലു പേരും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനിതക മാറ്റത്തിനു വിധേയമായ കോവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ലോക്ക്ഡൗണ് പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നില്ല.
കേരളം അടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ കോവിഡ് വ്യാപനത്തിന്റെ നിരക്ക് നേരത്തെയുള്ളതിനേക്കാൾ താഴ്ന്ന നിലയിലുമാണ്. എന്നിരുന്നാലും പ്രാദേശികമായ നിയന്ത്രണങ്ങൾ വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
പുതുവർഷവും ശൈത്യകാലത്തുള്ള വിവിധ ആഘോഷങ്ങളും കണക്കിലെടുത്ത് ഡിസംബർ 30,31 ദിവസങ്ങളിലും ജനുവരി ഒന്നിനും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ രാത്രി കർഫ്യു ഉൾപ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
എന്നാൽ, സംസ്ഥാനങ്ങൾക്കുള്ളിലും അന്തർ സംസ്ഥാന യാത്രകൾക്കും ചരക്ക് ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്താൻ പാടില്ല. ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വിലക്കിയത് ജനുവരി ഏഴ് വരെ നീട്ടാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു.
ജനുവരി ഏഴിനു ശേഷം കർശനമായ നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിക്കാമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേർന്നായിരിക്കും പിന്നീട് തീരുമാനമെടുക്കുക.
കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 31 വരെ നീട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.
അതിവേഗ വൈറസ് രാജ്യത്ത് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.