ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസൽസ് സന്ദർശനം നീട്ടിവച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയാണ് കൊറോണ ഭീതിയിൽ നീട്ടിവച്ചത്.
ഇരുരാജ്യങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരമാണ് ഉച്ചകോടി നീട്ടിവച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.
സൗകര്യപ്രദമായ തീയതിയിൽ ഉച്ചകോടി പുനക്രമീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ഷെയ്ഖ് മുജീബുറഹ്മാന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്ലാദേശ് സന്ദർശിക്കുന്നത്.
ബെൽജിയത്തിലും കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. ഇതുവരെ 23 പേർക്കാണ് രോഗ ബാധ സ്ഥിതീകരിച്ചത്. യൂറോപ്പിൽ ഇറ്റലിയിലാണ് കൊറോണ ഏറ്റവും കൂടുതൽ മാരകമായിരിക്കുന്നത്.
ഇറ്റലി സന്ദർശിച്ച നിരവധി ഇന്ത്യക്കാർക്ക് രോഗ ബാധയണ്ടായിരുന്നു.