ഹോട്ടല്‍ഭക്ഷണത്തിനു തീവില, വഴിയോരം അടുക്കളയാക്കി അയ്യപ്പഭക്തര്‍! ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരാണ് വഴിയോരങ്ങളില്‍ ഭക്ഷണം തയാറാക്കുന്നത്

KTM-PACHAKOM1കടുത്തുരുത്തി: ഹോട്ടലുകളിലെ അമിത വിലയും ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കാത്തതും  പാതയോ രങ്ങള്‍ അടുക്കളയാക്കി ഭക്ഷണം പാകം ചെയ്യുന്ന ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരാണ് വഴിയോരങ്ങളില്‍ ഭക്ഷണം തയാറാക്കുന്നത്. ഹോട്ടലുടമകളുടെ ചൂഷണം പലയിടത്തും വര്‍ധിച്ചതോടെയാണ് ഹോട്ടലുകളില്‍ കയറുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ കുറവുണ്ടായത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ അമിത വിലയും അളവിലെ കുറവും വൃത്തിയും ഗുണമേന്മയുമുള്ള ആഹാരം ലഭിക്കാതായതോടെയാണ് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന രീതിയിലേക്കു ശബരിമല തീര്‍ഥാടകരെ എത്തിച്ചത്. ദൂരെനിന്നുള്ള തീര്‍ഥാടകരാണെങ്കില്‍ കൂടുതല്‍ പണം വാങ്ങുന്ന സമീപനവും ചില ഹോട്ടലുകാര്‍ക്കുണ്ട്.

നേരത്തെ ഇതരസംസ്ഥാനക്കാര്‍ മാത്രമായിരുന്നു സ്വയം ഭക്ഷണം പാകം ചെയ്തിരുന്നതെങ്കില്‍ ഇപ്പോല്‍ മലയാളികളായ തീര്‍ഥാടകരും വഴിയോരത്തിരുന്നു ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി പിന്തുടരുകയാണ്.  ഇത് ഇടത്താവളങ്ങളിലെ ഹോട്ടലുകാര്‍ക്കു വന്‍തിരിച്ചടിയാണ്. പാചക വാതക വിലവര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവയുടെ പേരിലാണ് മുമ്പ് ഹോട്ടലുകാര്‍ വില കൂട്ടിയിരുന്നതെങ്കില്‍ ഇത്തവണ പച്ചക്കറികള്‍ക്ക് ഉള്‍പെടെ വില കുറഞ്ഞിട്ടും ഹോട്ടലുകളിലെ വിലയില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. ഓരോ ഇടത്താവളത്തിലും വില ഏകീകരണമുണ്ടെന്ന് അധികൃതര്‍ ഉറപ്പു പറയുമ്പോഴും പല സ്ഥലങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.

സാധാരണ ഭക്ഷണസാധനങ്ങളുടെ ആറു ഭാഷകളിലുള്ള വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവും കാറ്റില്‍പറത്തിയിരിക്കു കയാണ്പല ഭക്ഷണശാലകളിലും മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളി ലുണ്ടായിരുന്ന ബോര്‍ഡുകള്‍ ഇപ്പോള്‍ കാണാനേയില്ല.  കടകളില്‍ പരിശോധന നടത്താനോ നടപടികള്‍ സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷാ വിഭാഗം ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭക്ഷണത്തിന്റെ അളവിന്റെ പേരിലും പല ഇടത്താവളങ്ങളിലും ഹോട്ടലുകളിലും തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇത്തരം ചൂഷണങ്ങള്‍ വര്‍ധിച്ചിരിക്കേയാണ് സ്വയം പാചകം ചെയ്തു ഭക്ഷണം കഴിക്കുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചത്.

ഇടത്താവളങ്ങളോടു ചേര്‍ന്നു സൗകര്യമുള്ള സ്ഥലങ്ങളിലും പാതയോരങ്ങളുടെ വശങ്ങളിലുമെല്ലാം ഇത്തരത്തില്‍ പാചകം ചെയ്യുന്ന നിരവധി തീര്‍ഥാകരെ കാണാം. പാചക വാതക സിലിണ്ടറുകളും അടുപ്പും അരിയും മറ്റു പച്ചക്കറികളും പാത്രങ്ങളുമൊക്കെയായി അവരവരുടെ പ്രാദേശിക രീതിയിലുള്ള ഭക്ഷണം പാകം ചെയ്തു കഴിച്ചു തീര്‍ഥാടകര്‍ യാത്ര തുടരുകയാണ്. ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്നവര്‍ പാചകവാതകവും അടുപ്പും പച്ചക്കറിയും പലചരക്കു സാധനങ്ങളും അരിയും സഹിതം സര്‍വ സന്നാഹങ്ങളോടെയാണ് എത്തുന്നത്. പ്രത്യേകം പാചകക്കാരെ കൊണ്ടുവരുന്നവരുമുണ്ട്.

ശുദ്ധജലവും മറ്റു അടിസ്ഥാന സൗകര്യങ്ങളുമുള്ള വഴിയോരങ്ങളിലാണ് താവളം കണ്ടെത്തുന്നത്. പിന്നീട് ഭക്ഷണം തയാറാക്കാനുള്ള ഒരുക്കം തുടങ്ങും. കൂട്ടായാണ് പച്ചക്കറിയും മറ്റും അരിയുന്നത്.   50 പേര്‍ ക്കുള്ള ഭക്ഷണം നിമിഷങ്ങള്‍ക്കകം തയാറാക്കുന്നവരുണ്ട്. തൈര് സാദവും സാമ്പാര്‍ സാദവും വെജി റ്റബിള്‍ ബിരിയാണിയുമൊക്കെയാണ് വിഭവങ്ങള്‍. ഹോട്ടലുകളിലും ടീ ഷോപ്പുകളിലും നിന്നു ഭക്ഷണം കഴിക്കുവാന്‍ തീര്‍ഥാടകരിലധികവും ഇപ്പോള്‍ തയാറാകുന്നില്ല.  പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നെന്ന പരാതികളും കുടിക്കാനും കൈ കഴുകാനും നല്‍കുന്ന വെള്ളത്തിന് വേണ്ടത്ര വൃത്തിയില്ലെന്നുള്ള ആരോപണവും നിലനില്‍ക്കുന്നു.

Related posts