കാക്കനാട്: ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ചു വനിതാ ശിശു വികസന വകുപ്പും ഐസിഡിഎസ് സെല്ലും ചേർന്നു കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല പാചക മത്സരത്തിൽ പച്ചക്കറി പുട്ടും പപ്പായ മീൻകറിയും താരങ്ങളായി.
വൈപ്പിൻ ബ്ലോക്കിൽനിന്നാണ് പത്തു വയസുകാരനായ ഇഹ്ത്താസ് ഫത്താഹി കൊതിയൂറുന്ന കൗതുകകരമായ വിഭവങ്ങളുമായെത്തിയത്. ഇഹ്ത്താസിന് ഒന്നാം സ്ഥാനവും ലഭിച്ചു.
കൃത്രിമമായ വസ്തുക്കളൊന്നും പാടില്ലെന്ന നിർദേശം മത്സരത്തിലുണ്ടായിരുന്നു. എണ്ണയിൽ പൊരിച്ചത് ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ ഭക്ഷണത്തിനായിരുന്നു മുൻതൂക്കം. 36 കുട്ടികൾ പങ്കെടുത്തു. നിറക്കൂട്ട് മുട്ടപുലാവ് തയാറാക്കിയ തുറവൂരിൽനിന്നുള്ള അഖില രണ്ടാം സ്ഥാനം നേടി.
ചീര, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ദോശകളും മത്സരത്തിൽ ശ്രദ്ധേയമായി. ചേന പായസം, നുറുക്ക് ഗോതന്പ് ബിരിയാണി, മിക്സഡ് വട്ടയപ്പം, കഞ്ഞി വെള്ളം ഹൽവ, മിക്സഡ് ദിൽകുഷ്, പപ്പായ പഴം അട, കപ്പങ്ങ കൊഴുക്കട്ട, നൂലപ്പം ഉപ്പുമാവ്, പോഷക ഇഡലി, താൾ കറി, പോഷക ചപ്പാത്തി കൂടാതെ വിവിധ തരം തോരനുകളും മത്സരത്തിലുണ്ടായിരുന്നു.
നാല് ആണ്‍കുട്ടികളാണ് മത്സരത്തിലുണ്ടായിരുന്നത്. തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.