തളിപ്പറമ്പ്: സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ് എന്ന നിരോധിത പുകയില ഉത്പന്നം. മറ്റ് പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് ഗന്ധമില്ലാത്തതും ലഹരി കൂടുതലായതാണ് കൂൾലിപ്.
ചുണ്ടിന്റെ അടിയിൽ വച്ചാണ് ഇതിന്റെ ഉപയോഗം. മണമില്ലാത്തതിനാൽ ക്ലാസ് മുറികളിൽ പോലും ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയരിക്കുന്നത്.
സ്കൂളുകളുടെ പരിസരത്തുള്ള ചില കടകൾ കേന്ദ്രീകരിച്ചാണ് ഇത് വിൽപന നടത്തുന്നത്. കൂടാതെ വിദ്യാർഥികൾക്കിടയിൽ ഇത് എത്തിച്ച് കൊടുക്കുന്ന ചില ലോബികൾ തന്നെയുണ്ട് .ഇവർ വിദ്യാർഥികളെ ഇതിന്റെ ഡീലർമാരായും ഉപയോഗിക്കുന്നുണ്ട്.
ഇതരസംസ്ഥാനത്ത് നിന്ന് അഞ്ച് രൂപയുള്ള കൂൾലിപ് ഇവിടെ വിറ്റഴിക്കുന്നത് അമ്പതും നൂറും രൂപക്കാണ്. ഇതിലൂടെയാണ് വിദ്യാർഥികളിൽ പലരും മയക്കുമരുന്നിന്റെ കുഴിയിലേക്ക് വീഴുന്നത്.
കൂൾലിപ് ഉപയോഗിക്കുന്നവർ പിന്നീട് ലഹരിക്കടിമപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനം, വിശപ്പില്ലായ്മ, ക്ലാസ് മുറിയിലെ ശ്രദ്ധക്കുറവ്, മറവി എന്നിവയാണ് കൂൾലിപ് ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങൾ.
സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുമ്പോഴും ഇത് ഒരു അരാജകത്വമായി പടർന്ന് പിടിക്കുന്നത് രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇവ വില്പന നടത്തുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും പോലീസ്, എക്സെസ്, സ്കൂൾ അധികൃതർ, സ്റ്റുഡന്റ്സ് പോലീസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു.