സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ വെയിൽ കത്തിക്കാളുന്പോൾ കൂളിംഗ് ഗ്ലാസ് വിപണന മേഖലയിൽ കച്ചവടം പൊടിപൊടിക്കുന്നു. വഴിയോരങ്ങളിലും കടകളിലും ഓണ്ലൈനിലുമൊക്കെയായി ദിവസേന ആയിരക്കണക്കിന് കൂളിംഗ് ഗ്ലാസുകളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്.വില കുറഞ്ഞ കൂളിംഗ് ഗ്ലാസുകൾ മുതൽ ഉയർന്ന വിലയുള്ള ഗ്ലാസുകൾ വരെ ലഭ്യമാണ്. കണ്ണിന് ദോഷമില്ലാതിരിക്കാൻ ഗുണമേൻമയുള്ള വിലക്കൂടുതലുള്ള ഗ്ലാസുകൾ തന്നെയാണ് മിക്കവരും വാങ്ങുന്നത്.
ദേശീയപാതയോരങ്ങളിലും പ്രധാന റോഡുകളിലും വഴിവാണിഭക്കാർ ചെറുതും വലുതുമായ കൂളിംഗ് ഗ്ലാസുകളുമായി വിൽപനക്കിരിക്കുന്നുണ്ട്. ഇരുചക്രവാഹനക്കാർ ഇവരിൽ നിന്നും ഗ്ലാസുകൾ വാങ്ങുന്നുണ്ട്. ഓണ്‍ലൈൻ സൈറ്റുകളെല്ലാം കൂളിംഗ് ഗ്ലാസുകൾക്ക് ആകർഷകങ്ങളായ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലുള്ള ആകർഷകമായ വാഗ്ദാനങ്ങളും നൽകുന്നുണ്ട്.
വഴിയോര വിപണിയിൽ നൂറു രൂപ മുതൽ വിലയുള്ള സണ്‍ഗ്ലാസുകൾ ലഭ്യമാണ്. വിലപേശിയാൽ പിന്നെയും പത്തോ ഇരുപതോ കുറയും.കടകളിലും ഓണ്‍ലൈനിലും അയ്യായിരം രൂപയിൽ നിന്നാരംഭിക്കുന്ന സണ്‍ഗ്ലാസുകളും വിൽപനക്കുണ്ട്. ബ്രാന്റഡ് കന്പനികളുടെ കൂളിംഗ് ഗ്ലാസുകൾക്ക് ഉയർന്ന വിലയാണ്. യുവതലമുറയിൽ പെട്ടവർ ഇത്തരം ബ്രാന്റഡ് ഗ്ലാസുകൾ തേടിയെത്തുന്നുണ്ടെന്ന് വിൽപനക്കാർ പറയുന്നു. വില കൂടിയാലും സ്റ്റൈലിഷ് ആവണമെന്ന് നിർബന്ധമുള്ളവരാണ് ഇക്കൂട്ടർ.
യാത്രക്കിടയിൽ കൊടു ചൂടിൽ നിന്ന് രക്ഷനേടാൻ സണ്‍ഗ്ലാസുകൾ സഹായിക്കുമെന്നതുകൊണ്ടുതന്നെ ഇരുചക്രവാഹനമോടിക്കുന്നവരിൽ നല്ലൊരു ഭാഗവും ഇപ്പോൾ ഇത് ധരിക്കുന്നുണ്ട്. പിന്നിലിരിക്കുന്നവരും ചൂടിനെ പ്രതിരോധിക്കാൻ ഗ്ലാസുപയോഗിക്കുന്നു.വിലക്കുറവ് നോക്കി ഗുണനിലവാരമില്ലാത്ത കൂളിംഗ് ഗ്ലാസുകൾ വാങ്ങരുതെന്ന് വിദഗ്ധർ പറയുന്നു. അത്തരം ഗ്ലാസുകൾ ചിലപ്പോൾ കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പുരുഷ·ാർക്കെന്ന പോലെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ഗ്ലാസുകളുണ്ട്. അൾട്ര വൈലറ്റ് പ്രൊട്ടക്റ്റഡ് ഗ്ലാസുകളും ലഭ്യമാണ്. വിവിധ നിറങ്ങളിൽ കണ്ണിന് കുളിർമ നൽകുന്ന ഗ്ലാസുകൾക്ക് വെയിൽ കനത്തു പെയ്യാൻ തുടങ്ങിയതോടെ ഡിമാന്റ് കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇളം നീല, പച്ച, ചെങ്കല്ല് നിറം, ഇളം മഞ്ഞ എന്നിങ്ങനെയാണ് നിറങ്ങൾ.പിറന്നാൾ സമ്മാനമായും മറ്റും ഇത്തരം ഗ്ലാസുകൾ സമ്മാനിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്.