കോട്ടാങ്ങല്: വായ്പൂര് സഹകരണ ബാങ്കില് നിന്നു വിരമിച്ച പി.സി. മാത്യുവിന്റെ തടഞ്ഞുവച്ച മുഴുവന് ആനുകൂല്യങ്ങളും പലിശ സഹിതം നല്കാന് കേരള കോ ഓപ്പറേറ്റീവ് ട്രിബ്യൂണല് ഉത്തരവായി. ബാങ്ക് നല്കിയ 23 സ്വര്ണപ്പണയ വായ്പയിന്മേല് മുന് സെക്രട്ടറിയുടെ ആനുകൂല്യങ്ങള് വക കൊള്ളിച്ച ബാങ്ക് നടപടി അസാധുവാക്കിക്കൊണ്ടാണ് ട്രിബ്യൂണല് ഉത്തരവുണ്ടായത്.
ഇതനുസരിച്ച് ലീവ് സറണ്ടര് ഉള്പ്പെടെ 670024 രൂപയ്ക്കും 2014 ഡിസംബര് മുതല് തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി തുകയ്ക്കും 15 ശതമാനം പലിശയും കോടതിച്ചെലവുകളും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ബാങ്ക് മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര് (ജനറല്) മുമ്പാകെ നല്കിയ ആര്ബിട്രേഷന് കേസില് ലഭിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ബാങ്ക് ഭരണസമിതിയംഗങ്ങളെയും സെക്രട്ടറിയെയും ഉള്പ്പെടെ പ്രതികളാക്കി പി.സി. മാത്യു നല്കിയ അപ്പീലിലാണ് വിധി.
ആര്ബിറ്റേറ്ററുടെ മുന് ഉത്തരവ് അസാധുവാക്കുകയും കോടതിച്ചെലവായ 25000 രൂപയും ആനുകൂല്യങ്ങളുടെ പലിശ 15 ശതമാനമായി കണക്കാക്കി കേസിലെ 14 പ്രതികള് ചേര്ന്ന് നല്കാനും ട്രിബ്യൂണല് വിധിച്ചു. ആറുലക്ഷത്തോളം രൂപ ഇത്തരത്തില് ഇവര് അടയ്ക്കേണ്ടിവരും.
ഭരണസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിന് ആര്ബിട്രേറ്റര് കൂട്ടുനിന്നുവെന്നും ആരോപണം നേരത്തെ ഉയര്ന്നിരുന്നു. 23 സ്വര്ണപ്പണയ വായ്പക്കാരില് നിന്നും തുക ഈടാക്കുന്നതിന് 23 കേസുകള് ബാങ്ക് നേരത്തെ നല്കിയിരുന്നു. സെക്രട്ടറിയായിരുന്ന മാത്യുവില് നിന്നും ഈ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭരണസമിതി ആര്ബിട്രേറ്ററെ സമീപിച്ചത്.