സ്വന്തം ലേഖകൻ
തൃശൂർ: അറുപതു വയസിനു മുകളിലുള്ളവർക്കു കോവിഡ് രോഗബാധ കൂടുന്നതു ജില്ലയിൽ ആശങ്കയുണർത്തുന്നു. കഴിഞ്ഞ ദിവ സങ്ങളിലെല്ലാം അറുപതിനു മുകളിലുള്ളവർക്കു രോഗബാധ വർധിക്കുന്നതായാണു കണക്ക്.
അറുപതു വയസു കഴിഞ്ഞ 69 പേർക്കാണു ഇന്നലെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അറുപതിനു മുകളിലുള്ള ശരാശരി 50-60 ആളുകൾക്ക് ഈയാഴ്ച ദിവസേന രോഗം സ്ഥിരീകരിച്ചിരുന്നു.
അറുപതുവയസിനു മുകളിലുള്ളവർ പരമാവധി വീടിനു പുറത്തിറങ്ങാതെ വീടിനകത്തുതന്നെ കഴിയണമെന്ന നിർദേശം ആരോഗ്യവകുപ്പ് തുടക്കം മുതൽ നൽകുന്നുണ്ടെങ്കിലും ഇപ്പോഴതു പലരും പാലിക്കാത്തതാണു സ്ഥിതിവിശേഷം ഇത്രയും ഗുരുതരമാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
തൃശൂർ നഗരത്തിലടക്കം ജില്ലയിലെന്പാടും അറുപതുവയസു കഴിഞ്ഞവർ പുറത്തിറങ്ങി നടക്കുന്നതു നിയന്ത്രിക്കാൻ അധികൃതർക്കായിട്ടില്ല.
രോഗവ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ പ്രായമായവരുടെ പുറത്തെ കറക്കത്തിനു നിയന്ത്രണം വരുമെന്നാണ് അധികൃതർ പറയുന്നത്.
ഇനി ഉപദേശം കൊണ്ട് കാര്യമില്ലെന്നതിനാൽ ഫൈൻ ഈടാക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാനും അധികൃതർ ഉദ്ദേശിക്കുന്നു. പ്രായമായവരെ വീടിനു പുറത്തേക്കു വിടാതിരിക്കാൻ ശ്രമിക്കേണ്ടതു മക്കളും വീട്ടിലുള്ള മറ്റുള്ളവരുമാണെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
പ്രായമായവർ പലപ്പോഴും തെറ്റായ രീതിയിൽ മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ പോലുള്ള അണുനാശിനികൾ ഉപയോഗിക്കാതിരിക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതുമെല്ലാം ഇവർക്കു രോഗബാധ പെട്ടെന്നുണ്ടാകുന്നതിനു കാരണമാകുന്നുണ്ടെന്നാണു വിലയിരുത്തൽ.
അറുപതു വയസിനു മുകളിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും രോഗബാധ ഏതാണ്ട് ഒരേപോലെ ഉണ്ടാകുന്നതും ആരോഗ്യവകുപ്പ് ഗൗരവത്തോടെ കാണുന്നുണ്ട്.
പ്രായമായവർക്ക് മറ്റു പല അസുഖങ്ങളുമുണ്ടായിരിക്കുമെന്നതിനാൽ അവർക്ക് കോവിഡ് ബാധിക്കുന്നതു കൂടുതൽ റിസ്കാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
പ്രായമായവരേയും കുട്ടികളേയും പുറത്തുവിടാതിരിക്കുക എന്നതു മാത്രമാണ് ഇവർക്കിടയിലുള്ള കോവിഡ് രോഗബാധ വർധിക്കുന്നതു നിയന്ത്രിക്കാനുള്ള ഏകമാർഗമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പു നൽകുന്നു.
സമൂഹസന്പർക്ക വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും കുട്ടികളും പുറത്തിറങ്ങുന്നതു കർശനമായി വിലക്കാനും നിയന്ത്രിക്കാനുമാണ് അധികൃതരുടെ പുതിയ തീരുമാനം.