നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്ന് പോലീസുകാരന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തില്‍ കുട്ടിയുടെ മുത്തച്ഛനായ ഭൂഷണ് പാണ്ഡെയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കും സംഘവും പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തി.
പോലീസിനെ കണ്ട് ഭയന്നതോടെ ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം നവജാതശിശുവിനെ വീട്ടില്‍ തനിച്ചാക്കി ഇറങ്ങിപോകുകയായിരുന്നു.
പോലീസുകാര്‍ വീടിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ നടത്തുമ്പോള്‍ നാല് ദിവസം പ്രായമുള്ള തന്റെ കുട്ടി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നേഹ ദേവി പറഞ്ഞു.
മുറിയില്‍ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ പോലീസുകാരന് ചവിട്ടി വീഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അന്വേഷണത്തിന് ഉത്തരവിട്ടു.
കുട്ടിയെ പോലീസുകാരന് ചവിട്ടിക്കൊന്നതായി മരിച്ച നവജാതശിശുവിന്റെ അമ്മയും ഭൂഷണ് പാണ്ഡെ ഉള്‍പ്പെടെയുള്ള വീട്ടിലെ മറ്റ് അംഗങ്ങളും ആരോപിക്കുന്നു.
സംഭവത്തോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യമന്ത്രി ബന്ന ഗുപ്തയും രംഗത്തെത്തി. ഇത്തരത്തിലുള്ള സംഭവങ്ങളെ വിമര്‍ശിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
ഈ രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.