ദുബായ്: ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. ഭൂമിയെ സംരക്ഷിക്കാൻ ലക്ഷ്യമാക്കി നടത്തുന്ന ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. ദുബായ് വിമാനത്താവളത്തിലിറങ്ങിയ നരേന്ദ്രമോദിയെ ഇന്ത്യൻ പ്രവാസികൾ സാരേ ജഹാൻ സേ അച്ഛാ പാടിയും ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് സ്വീകരിച്ചത്.
13 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിലെ ആദ്യ മൂന്നു ദിവസം ലോകനേതാക്കൾ സംസാരിക്കും. ഒരു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം മോദി മടങ്ങും.