അറ്റ്ലാന്റ (അമേരിക്ക): യുവേഫ യൂറോ കപ്പ് പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന്റെ എൻട്രി എത്തുന്നു. 2024 യൂറോ കപ്പ് ഫുട്ബോളിന്റെ ആരവം രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ കാൽപ്പന്ത് പ്രേമികളുടെ സിരകളിൽ തീപടർത്താൻ കോപ്പ അമേരിക്കയ്ക്കും കിക്കോഫ്.
2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ആരംഭിക്കും. നിലവിലെ ചാന്പ്യന്മാരായ ലയണൽ മെസിയുടെ അർജന്റീന ഗ്രൂപ്പ് എയിൽ കാനഡയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്കൻ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. അതോടെ കാൽപ്പന്ത് പ്രേമികൾക്ക് രാത്രി പകലാകും.
►രാത്രി മുഴുനീളെ ◄
കോപ്പ അമേരിക്കൻ പോരാട്ടം ആരംഭിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് രാത്രി ഉറക്കമില്ലാതാകും. കാരണം, ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് യൂറോ കപ്പിലെ ആദ്യമത്സരം. തുടർന്ന് രാത്രി 9.30, അർധരാത്രി 12.30 എന്നിങ്ങനെ രണ്ട് മത്സരങ്ങളും യൂറോ കപ്പിൽ നടക്കും. യൂറോ കപ്പിന്റെ ആവേശം അവസാനിക്കുന്നതോടെയാണ് കോപ്പയിൽ കൊടുങ്കാറ്റിന്റെ അലയൊലി ആരംഭിക്കുക. ഇന്ത്യൻ സമയം പുലർച്ചെ 3.30, 5.30, 6.30 എന്നിങ്ങനെയാണ് കോപ്പ അമേരിക്കൻ മത്സരങ്ങളുടെ സമയക്രമം.
►അർജന്റീന, ബ്രസീൽ ◄
ലയണൽ മെസിയുടെ അർജന്റീന കോപ്പ അമേരിക്കൻ കിരീടം നിലനിർത്തുമോ എന്നതാണ് ഇത്തവണത്തെ പ്രധാന ചോദ്യം. കിരീടം നിലനിർത്തിയാൽ കോപ്പയിൽ ഏറ്റവും കൂടുതൽ മുത്തംവയ്ക്കുന്ന ടീമെന്ന ചരിത്രം അർജന്റീന സ്വന്തമാക്കും. 15 തവണ വീതം ചാന്പ്യന്മാരായ ഉറുഗ്വെയും അർജന്റീനയും നിലവിൽ റിക്കാർഡ് പങ്കിടുകയാണ്. കോപ്പ അമേരിക്കയുടെ 48-ാം എഡിഷനാണ് ഇത്തവണത്തേത്. അമേരിക്കയാണ് 2024 കോപ്പയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
അർജന്റീന നിലവിൽ ലോക ഒന്നാം റാങ്ക് ടീമാണ്. മെസിക്ക് ഒപ്പം എയ്ഞ്ചൽ ഡി മരിയ, ലൗതാരൊ മാർട്ടിനെസ്, എൻസൊ ഫെർണാണ്ടസ്, മക് അല്ലിസ്റ്റർ, റോഡ്രിഗൊ ഡി പോൾ, ജൂലിയൻ ആൽവരസ് തുടങ്ങിയ ഒരുസംഘം മികച്ച താരങ്ങൾ അർജന്റീനയ്ക്കുണ്ട്.
പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മറിന്റെ അഭാവത്തിലാണ് ബ്രസീൽ കളത്തിലെത്തുന്നത്. വിനീഷ്യസ്, റോഡ്രിഗൊ, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ മികവുറ്റ താരങ്ങൾ ബ്രസീലിനുണ്ട്. എന്നാൽ, പതിനേഴുകാരനായ എൻഡ്രിക്കിന്റെ പ്രകടനമായിരിക്കും ബ്രസീൽ നിരയിൽ ഏവരും ഉറ്റുനോക്കുന്നത്. നാല് മത്സരങ്ങളിൽ മൂന്ന് ഗോൾ നേടിയ എൻഡ്രിക് ബ്രസീൽ ആക്രമണത്തിൽ നിർണായകമാണ്.
►ഗ്രൂപ്പുകൾ ◄
ഉറുഗ്വെൻ ദേശീയ ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് തിരിച്ചെത്തിയതാണ് 2024 കോപ്പ അമേരിക്കയിലെ മറ്റൊരാകർഷണം. സുവാരസ് തിരിച്ചെത്തിയതോടെ ഡാർവിൻ നൂനെസ് ഒന്പതാം നന്പർ ജഴ്സി സുവാരസിനു നൽകി. ഹമേഷ് റോഡ്രിഗസ് നയിക്കുന്ന കൊളംബിയ, എന്നർ വലെൻസിയയുടെ ക്യാപ്റ്റൻസിയിലെത്തുന്ന ഇക്വഡോർ, ക്ലൗഡിയൊ ബ്രാവോയുടെ ചിലി തുടങ്ങിയ ടീമുകളെല്ലാം കിരീട പ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്. ജൂലൈ 15ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഫൈനൽ.
ഗ്രൂപ്പ് എ: അർജന്റീന, പെറു, ചിലി, കാനഡ
ഗ്രൂപ്പ് ബി: മെക്സിക്കോ, ഇക്വഡോർ, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: യുഎസ്എ, ഉറുഗ്വെ, പാനമ, ബൊളീവിയ
ഗ്രൂപ്പ് ഡി: ബ്രസീൽ, കൊളംബിയ, പരാഗ്വെ, കോസ്റ്ററിക്ക