തൃശൂർ: കളിക്കളത്തിലും കളിക്കളത്തിനു പുറത്തും മാത്രമല്ല സോഷ്യൽ മീഡിയയിലെ ലോകകപ്പ് ഫുട്ബോൾ ട്രോൾമഴയിലും നെയ്മറും മെസിയും തന്നെയാണ് താരങ്ങൾ. ഇരുകൂട്ടരുടയും ആരാധകർ കട്ടയ്ക്കു കട്ട എന്ന നിലയിലാണ് ട്രോളുകൾ തൊടുത്തുവിടുന്നത്. അർജന്റീനയുടേയും ബ്രസീലിന്റെയും പേരിലും ട്രോളുകളുടെ പെരുമഴയാണ്.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യിക്കുന്ന നിരവധി ട്രോളുകൾ ലോകകപ്പ് ആവേശത്തിനു മാറ്റുകൂട്ടുന്നു. നിരുപദ്രവകാരികളായ ട്രോളുകൾ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതോടെ സജീവമാകുമെന്നതിൽ സംശയമില്ല.
കമ്മട്ടിപ്പാടത്തിലെ കയ്യടിക്കടാ എന്ന സൂപ്പർ ഡയലോഗും ആട് സിനിമയിലെ സൈജു കുറുപ്പിന്റെ ഡയലോഗും ആക്ഷൻ ഹീറോ ബിജുവിലെ ഫ്രീക്കൻമാരെ പിടികൂടി ചോദ്യം ചെയ്യുന്ന ഡയലോഗുമെല്ലാം ട്രോൾമഴയിലുണ്ട്. സഖാവ് മെസി, മിശിഹ മെസി എന്നിവയെ കളിയാക്കുന്ന ട്രോളുകളും കൂട്ടത്തിലുണ്ട്.
കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി ടീമുണ്ടാക്കിയും ട്രോൾ ആഘോഷിച്ചവരെ കാണാം. നാടോടിക്കാറ്റിലെ മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിലേയും കിലുക്കത്തിലെ ഡോണ്ട് മിസ് അണ്ടർസ്റ്റാൻഡ് മി എന്ന ലാൽ-ജഗതി സൂപ്പർ സീനും ഛോട്ടാമുംബൈയിൽ സിദ്ധിഖ് മദ്യക്കുപ്പി താഴെയിട്ടു പൊട്ടിക്കുന്ന രംഗവും വെട്ടം എന്ന ചിത്രത്തിലെ ട്രെയിൻരംഗവും ബാഹുബലിയിലെ രംഗങ്ങളും കിരീടത്തിൽ സേതുമാധവൻ കീരിക്കാടനെ തല്ലിവീഴ്ത്തുന്ന രംഗവുമെല്ലാം ട്രോളിൽ രസകരമായി ടീമുകളെ ചേർത്ത് ആവിഷ്കരിച്ചിട്ടുണ്ട്.
ഇഷ്ട ടീമിനെ വാഴ്ത്തിയും എതിർടീമിനെ മലർത്തിയടിച്ചും ട്രോളുകൾ ഒരുക്കുന്നതിൽ മത്സരബുദ്ധിയോടെയാണ് മലയാളി ആരാധകർ രംഗത്തുള്ളത്. വളരെ പോസിറ്റീവ് കാഴ്ചപ്പാടോടെ, സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ട്രോളുകളെ കാണുന്നതെന്നും എതിരാളികൾ പോസ്റ്റു ചെയ്യുന്ന ചില ട്രോളുകൾ തങ്ങളെപ്പോലും പൊട്ടിച്ചിരിപ്പിക്കാറുണ്ടെന്നും ആരാധകർ പറയുന്നു. ട്രോളുകൾ സ്ഥിരമായി നോക്കാറുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
തല പുകച്ചാണ് ട്രോൾ ഐഡിയകൾ ഉണ്ടാക്കാറുള്ളതെന്നു സ്ഥിരമായി ട്രോളുകൾ രൂപപ്പെടുത്തുന്ന തൃശൂരിലെ ഒരുസംഘം പറഞ്ഞു. വ്യക്തിഹത്യകൾ ഒരിക്കലും നടത്താൻ ട്രോൾ ടീമുകൾ താത്പര്യപ്പെടുന്നില്ല. വരും ദിവസങ്ങളിൽ മത്സരഫലങ്ങളോടൊപ്പം കിടിലൻ ട്രോളുകളും പ്രത്യക്ഷപ്പെടും.