“ഇതല്ല… ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്…’ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രത്തിന്റെ ഈ ഡയലോഗാണ് വിയറ്റ്നാമിലെ ഹായ് പോംഗ് ഇന്റർനാഷണൽ ആശുപത്രിയിൽ ജനിച്ച ആണ്കുഞ്ഞിന്റെ ആദ്യ ചിത്രം കണ്ടപ്പോൾ മനസിലേക്കു വന്നത്.
കുഞ്ഞിന്റെ ചിത്രവും സിനിമാ ഡയലോഗും തമ്മിൽ എന്തു ബന്ധമെന്നു ചോദിക്കാൻ വരട്ടെ. ബന്ധമുണ്ട്. ഈ കുറിപ്പു വായിച്ചു തീരുന്പോൾ ആ ബന്ധം നിങ്ങൾക്കും മനസിലാകും.
നവജാതശിശുക്കളുടെ ചിത്രങ്ങൾ മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും തങ്ങളുടെ സന്തോഷം കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കുകയും ചെയ്യുക പതിവാണ്. എന്നാൽ ഹായ് പോംഗ് ഇന്റർനാഷണൽ ആശുപത്രിയിൽ ജനിച്ച ആണ്കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ആദ്യം പങ്കുവച്ചത് ഡോ. ട്രാൻ വിയറ്റ് ഫോങ് ആണ്.
എന്തുകൊണ്ടെന്നല്ലെ? അതിനുള്ള മറുപടി ഡോക്ടർ തന്നെ പറയുന്നു. “”കുഞ്ഞുങ്ങളെ ഭൂമിയിലേക്കു വരവേൽക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങൾ ഡോക്ടർമാർ.
എന്നാൽ തത്ക്കാലത്തേക്കെങ്കിലും കുഞ്ഞിന്റെ വരവ് തടയുന്നതിനായി അമ്മ ഉപയോഗിച്ച ഗർഭനിരോധനയന്ത്രം കൈയിൽ ഉൗരിപ്പിടിച്ചുവരുന്ന ഈ വികൃതിക്കുട്ടന്റെ ചിത്രം എങ്ങനെയാണ് പങ്കുവയ്ക്കാതെയിരിക്കുക.”അമ്മ ഉപയോഗിച്ചിരുന്ന കറുപ്പും മഞ്ഞയും നിറങ്ങൾ കലർന്ന കോപ്പർ ടിയാണ് കക്ഷി കൈയിൽ മുറുകെ പിടിച്ചിരിക്കുന്നതെന്ന് ചിത്രങ്ങളിൽ കാണാം.
കുഞ്ഞു ജനിക്കുന്നതിനു രണ്ടുവർഷം മുൻപാണ് രണ്ടുകുട്ടികളുടെ അമ്മയായ മുപ്പത്തിനാലുകാരി ഗർഭനിയന്ത്രണത്തിനായി കോപ്പർ ടി ധരിക്കുന്നത്.
എന്നാൽ കോപ്പർ ടി ചതിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. കോപ്പർ ടി ധരിച്ച് ഒരു വർഷത്തിനു ശേഷം അവർ ഗർഭം ധരിച്ചു. ഉപകരണം അതിന്റെ യഥാസ്ഥാനത്തു നിന്നു നീങ്ങിയതാകാം ഗർഭധാരണത്തിനു കാരണമായതെന്ന് ഡോക്ടർ പറയുന്നു. ജനിക്കുന്പോൾ മൂന്നര കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ് പൂർണ ആരോഗ്യവാനായിരുന്നു എന്നതും ഡോക്ടർമാരെ അതിശയിപ്പിച്ചു.
എന്താണ് കോപ്പർ ടി?
ഗർഭനിരോധനത്തിനായി പലതരം ഉപാധികൾ ഇന്നു നിലവിലുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഗർഭനിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഗുളികകൾ മുതൽ സ്ത്രീകളുടെ ശരീരത്തിനുള്ളിൽ വയ്ക്കുന്ന ഉപകരണങ്ങൾ വരെയുണ്ട്.
എന്നാൽ ഇത്തരം ഉപകരണങ്ങൾ ഒന്നുംതന്നെ നൂറു ശതമാനം ഫലം കാണണമെന്നില്ല. സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന ഗർഭനിയന്ത്രണ മാർഗങ്ങളിൽ ഒന്നാണ് കോപ്പർ ടി അഥവാ ഐയുഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ ടി എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള ചെന്പും പ്ലാസ്റ്റികും കലർന്ന ഉപകരണമാണ് കോപ്പർ ടി.
ഇതിലെ ചെന്പ്, ബീജങ്ങളെ നശിപ്പിക്കുക വഴി ഗർഭധാരണം തടയാൻ സാധിക്കും. സ്ത്രീകളുടെ ഫെല്ലോപ്പിയൻ ട്യൂബിലാണ് കോപ്പർ ടി നിക്ഷേപിക്കുക. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം മാറിയാൽ ഇതുകൊണ്ട് ഫലമില്ലാതെ പോകും. അഞ്ചു മുതൽ പത്തു വർഷം വരെ കോപ്പർ ടി ഉപയോഗിക്കാമെന്നു ഡോക്ടർമാർ പറയുന്നു.
സാധാരണയായി ആദ്യ പ്രസവത്തിനു ശേഷമോ രണ്ടു കുഞ്ഞുങ്ങൾക്കിടയിലെ ഇടവേളയ്ക്കായോ ആണ് കോപ്പർ ടി ധരിക്കുക. കോപ്പർ ടി ധരിക്കുന്ന സ്ത്രീകളിൽ ആദ്യ മൂന്നു മുതൽ ആറു മാസം വരെ മാസമുറയുടെ സമയത്ത് രക്തസ്രാവവും വേദനയും അനുഭവപ്പെട്ടേക്കാം. എന്നാൽ വേദന അസഹ്യമായി തോന്നിയാൽ ഡോക്ടറെ നിർബന്ധമായും കാണേണ്ടതാണ്.