സ്വന്തം ലേഖകൻ
പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കൂടുതൽ പേരെ ഇവർ ഹണിട്രാപ്പ് പോലെ കുടുക്കിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
യൂ ട്യൂബിലും സൈബർ ലോകത്തും ഫീനിക്സ് കപ്പിൾ എന്നാണ് അറസ്റ്റിലായ ദന്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും അറിയപ്പെടുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിക്കു പുറമെ മറ്റാരെങ്കിലും ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
ദന്പതികളടക്കം ആറുപേരാണ് അറസ്റ്റിലായത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളടക്കം അറസ്റ്റിലായിരുന്നു.
കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയും പാലക്കാട് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം പണവും സ്വർണവും തട്ടിയത്.
തുടർന്ന് ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വ്യവസായിൽ നിന്ന് കാർ, നാലു പവന്റെ സ്വർണമാല, മൊബൈൽ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്.
ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാറ്റിംഗ്. കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി യുട്യൂബ് ചാനൽ നടത്തുന്ന ദേവു, ഗോകുൽദീപ് ദന്പതികളെ വാടകയ്ക്ക് എടുത്തു. പിന്നീട് ദേവു വ്യവസായിക്ക് ശബ്ദ സന്ദേശങ്ങളടക്കം അയച്ച് കൊടുക്കുകയായിരുന്നു.
ശരത് ചാറ്റ് ചെയ്യുന്പോൾ വ്യവസായിയോട് പാലക്കാടാണ് വീടെന്നു പറഞ്ഞിരുന്നു. അതിനാലാണ് ആൾത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് ഓണ്‍ലൈനിലൂടെ വാടകയ്ക്ക് എടുത്തത്.
യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം.
ഇയാളുടെ എടിഎമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എസ്ഐമാരായ വി. ഹേമലത, എം. അജാസുദ്ദീൻ, എസ്. ജലീൽ, എഎസ്ഐ കെ. കൃഷ്ണപ്രസാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.