ലക്നൗ: പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പ്രിൻസിപ്പൽ അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം.
സ്വകാര്യ സ്ഥാപനമായ ഹരിവംശ് മെമോറിയൽ ഇന്റർ കോളേജിലെ പ്രവീണ്‍ മാൽ ആണ് കുട്ടികൾക്ക് തന്ത്രങ്ങൾ പകർന്നു നൽകിയത്. പരസ്പരം തൊടാതെ തമ്മിൽ സംസാരിക്കുക, കൂട്ടത്തിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ഭയപ്പെടാതെ ഇരിക്കുക, ഉത്തരപ്പേപ്പറിനൊപ്പം നൂറുരൂപ ചേർത്തുകൊടുത്താൽ നിങ്ങൾക്ക് മാർക്ക് ലഭിക്കും എന്നിങ്ങനെയാണ് പ്രവീണ്‍ വിഡിയോയിൽ പറയുന്നത്.
നിങ്ങൾ പരീക്ഷ എഴുതുന്ന സ്കൂളിലെ അധ്യാപകർ എന്റെ സുഹൃത്തുക്കളാണ്. അവരോട് സഹകരിക്കുകയെന്നും വീഡിയോയിൽ പറയുന്നുണ്ട്. കോപ്പിയടി രീതികൾ പറഞ്ഞുകൊടുത്ത ശേഷം ജയ് ഹിന്ദ്, ജയ് ഭാരത് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
സംസ്ഥാനത്ത് സെക്കൻഡറി പരീക്ഷ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്കൂളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയത്. ഇത്തവണ 56 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഉത്തർപ്രദേശ് ബോർഡ് എക്സാമിനിരിക്കുന്നത്.
75 ജില്ലകളിലെ 7,784 സെന്ററുകളിലായി രണ്ടു ലക്ഷം ഇൻവിജിലേറ്റർമാരാണ് പരീക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ലക്ഷത്തോളം സിസിടിവി കാമറകളും ഇതിനായി ഉപയോഗപ്പെടുത്തും.