കോഴിക്കോട്: എങ്ങനെ കോപ്പി അടിക്കണം, കോപ്പി എവിടെ ഒളിപ്പിക്കണം, ഇന്‍വിജിലേറ്ററെ എങ്ങനെ കളിപ്പിക്കാം? പരീക്ഷാക്കാലത്ത് ഒരു വിദ്യാര്‍ഥി യൂട്യൂബില്‍ പങ്കുവച്ച വീഡിയോ വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി.
പരീക്ഷയില്‍ കോപ്പി അടിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുന്ന യൂട്യൂബ് വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സിദ്ദീഖുല്‍ അക്ബര്‍ എന്ന വിദ്യാർഥി യൂട്യൂബിലെ അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന തന്റെ അക്കൗണ്ടില്‍നിന്ന് വീഡിയോ പിന്‍വലിച്ചത്.
ഒരാഴ്ച മുമ്പ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സിദീഖുല്‍ അക്ബര്‍, ഇംഗ്ലീഷ് പരീക്ഷയില്‍ താന്‍ കോപ്പി അടിച്ചെന്നും സ്കൂള്‍ മാനേജരുടെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്നും വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതിനിടെ വിദ്യാര്‍ഥി വീണ്ടും വീഡിയോ ലൈവില്‍ വന്നു.
യൂട്യൂബില്‍ വീഡിയോ ഇട്ടതില്‍ ഖേദം ഇല്ലെന്നായിരുന്നു നിലപാട്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോള്‍ വിദ്യാർഥികള്‍ എന്ത് ചെയ്യുമെന്നാണ് വീഡിയോ ചെയ്യാനുള്ള കാരണമായി വിദ്യാർഥി പറഞ്ഞത്.