കടലിലെ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്ന്നുനില്ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. താപസമ്മര്‍ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡിഎച്ച്ഡബ്ല്യു) സൂചകം ലക്ഷദ്വീപില്‍ നാലു ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാര്‍ന്ന സമുദ്ര ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മര്‍ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിനു കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഡിഎച്ച്ഡബ്ല്യു 12 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുകയാണെങ്കില്‍ അസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിനു നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ കെ.ആര്. ശ്രീനാഥ് പറഞ്ഞു.
അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഷല്‍ട്ടണ്‍ പാദുവ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണുള്ളത്.
പവിഴപ്പുറ്റ് പോലുള്ള സമുദ്ര ജൈവവൈവിധ്യങ്ങളുടെ തകര്‍ച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരസമൂഹത്തിന്റെ ഉപജീവനത്തിനു ഭീഷണിയാണ്. കടല്‍പ്പുല്ല് പോലുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷണി ഉയര്‍ത്തുന്നു. ഈ സാഹചര്യം കടല്‍ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്‍പ്പിനെ ഇത് അപകടത്തിലാക്കും.
പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാന്‍ സമഗ്ര ദേശീയ ഗവേഷണ പദ്ധതി സിഎംഎഫ്ആര്‍ഐ തുടങ്ങിയിട്ടുണ്ട്.
വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠനപരിപാലന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.