ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കേരളത്തെക്കുറിച്ച് കേന്ദ്രത്തിന് മിണ്ടാട്ടമില്ല. അതേസമയം ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
രോഗപ്രതിരോധം, ചികിൽസ, സാന്പത്തിക സഹായം എന്നീ തലങ്ങളിലെല്ലാം ഉത്തർപ്രദേശ് മോഡൽ ഏറെ മാതൃകാപരമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അതേസമയം രോഗവ്യാപനം കാര്യമായി തടഞ്ഞു നിറുത്തി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കേരളത്തെക്കുറിച്ച് എവിടേയും പരാമർശമില്ല.
കോവിഡ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പ്രതിദിന വാർത്താസമ്മേളനത്തിലും കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പരാമർശിക്കാറില്ലാത്തതിനേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ കേരളം മികച്ച രീതിയിലാണ് പ്രവർത്തിച്ചത് എന്നു മാത്രമാണ് കേന്ദ്രം മറുപടി നൽകിയത്.
കേരളത്തിന്റെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പരിചയപ്പെടുത്തുമെന്നാണ് ഇതേക്കുറിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പറയുന്നത്.