ബാഴ്സിലോണയിലെ വളരെ ഉയരമുള്ള കെട്ടിടം 47 മിനിട്ടിനുള്ളില്‍ കയറി അമ്പരപ്പ് സമ്മാനിച്ച് ഒരാൾ. അലെയ്ന് റോബര്‍ട്ട് എന്ന് പേരുള്ള ഇയാള്‍ക്ക് 57 വയസുണ്ട്. 475 അടി ഉയരമുള്ള കെട്ടിടത്തിന് മുകളിലാണ് ഇയാള്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കയറിയത്.
ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു സന്ദേശമെന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഏറ്റവും വലിയ പകര്‍ച്ചവ്യാധി കൊറോണ വൈറസല്ല, ഭയമാണ്.
ഈ രോഗം കാരണം ഭയപ്പെടുന്ന ഏകദേശം മൂന്ന് ബില്യണ്‍ ആളുകള്‍ ഉണ്ടാവാം, എന്തായാലും ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല, കെട്ടിടത്തില്‍ കയറുന്നതിന് മുന്‍പ് അദ്ദേഹം എഎഫ്പി ടിവിയോട് പറഞ്ഞു.
ഞാന്‍ ചെയ്യുന്നതുമായി ഇതിന് ചെറിയ സാമ്യമുണ്ട്. കയറില്ലാതെയാണ് ഞാന്‍ കയറുന്നത്. ഇത് കുറച്ച് ഭയത്തിന് കാരണമാകും. കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുന്‍പും ഇത്തരം പ്രകടനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളയാളാണ് അലെയ്ന്. ദുബായിലെ ബുര്‍ജ് ഖലിഫ, പാരീസിലെ ഈഫല്‍ ടവര്‍, മലേഷ്യയിലെ പേട്രണ്‍സ് ട്വിന്‍ ടവര്‍, സിഡ്നിയിലെ ഒപ്പെറാ ഹൗസ് എന്നീ കെട്ടിടങ്ങളിലെല്ലാം ഇദ്ദേഹം യാതൊരു സുരക്ഷാഉപകരണങ്ങളുമില്ലാതെ കയറി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.