കൊച്ചി: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സഹോദരൻമാരെ പോലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ എല്ലാ കാര്യങ്ങളും കോടതിക്കു മുന്നിൽ തുറന്നു പറയുമെന്ന് പെൺകുട്ടി.
കോടതിക്കു മുന്നില്‍ സത്യാവസ്ഥയെല്ലാം തുറന്നു പറയുമെന്ന് മകൾ തന്നോട് പറഞ്ഞതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് അറിച്ചു.
നിലവില്‍ കെയര്‍ ഹോമിലാണ് പെൺകുട്ടി കഴിയുന്നത്. രണ്ടു പെണ്‍കുട്ടികളെയും കാണണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ പല തവണ കത്തു നല്‍കിയിട്ടും കാണാന്‍ അനുവദിച്ചില്ലെന്നും കഴിഞ്ഞ ദിവസമാണ് അവസരം കിട്ടിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
കെയര്‍ ഹോമില്‍ വിവരശേഖരണത്തിന് എന്നുപറഞ്ഞ് നിരവധിപ്പേര്‍ വരുന്നുണ്ടെന്നും ഇവരെല്ലാം യൂണിഫോമിലല്ല എത്തുന്നതെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നു അമ്മ പറയുന്നു.
വരുന്നവര്‍ ആരാണെന്ന് വ്യക്തത ഇല്ലാത്തതിനാലാണ് വിവരങ്ങള്‍ തുറന്നു പറയാത്തതെന്നും കോടതിക്ക് മുന്നില്‍ സത്യാവസ്ഥ തുറന്നു പറയുമെന്നും പെണ്‍കുട്ടി അറിയിച്ചതായി അമ്മ പറഞ്ഞു.
പോലീസ് പറഞ്ഞത് അനുസരിച്ചാണ് മുമ്പ് മൊഴി നല്‍കിയത്. തിരുത്തിപ്പറഞ്ഞാല്‍ ആരെങ്കിലും ഉപദ്രവിക്കുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി എറണാകുളം പച്ചാളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ രണ്ടു പെണ്മക്കള് നാടുവിട്ടത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 35,000 രൂപയുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പോയത്.
മാതാപിതാക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. പിന്നീട് ഡൽഹി പോലീസാണ് ഫൈസാൻ, സുബൈർ എന്നീ പ്രതികളെ പിടികൂടുന്നത്.
കാണാതായ പെൺകുട്ടികളിൽ മൂത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒത്തുതീർപ്പിനു ശ്രമിച്ച കേരള പോലീസ് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഇത് നൽകാൻ തയാറാകാതിരിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ സഹോദരൻമാരെ പീഡനക്കേസിൽ കുരുക്കി കേസെടുക്കുകയായിരുന്നു.
അതേസമയം കേസ് ഹൈക്കോടതി നവംബര്‍ ഒന്നിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സഹോദരന്മാരുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
ഡല്‍ഹി സ്വദേശികളോട് കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.