കോഴിക്കോട് : കോവിഡ് മുക്തനായതിനെ ത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റൈനില്‍ തുടരും. അതിന് ശേഷമേ പൊതുരംഗത്ത് സജീവമാവുകയുള്ളൂ.
മുഖ്യമന്ത്രിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കല്‍സംഘമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.
കോവിഡ് മുക്തനായതിനെ തുടര്‍ന്ന് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നല്‍കിയതെന്നും ഈ ഘട്ടത്തില്‍ മാനസികമായി വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.