സീയൂൾ: ദക്ഷിണകൊറിയയിൽ കൊറോണ ബാധിതരുടെ എണ്ണം ഒറ്റദിവസംകൊണ്ട് ഇരട്ടിയായി. ഇന്നലെ 229 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ കൊറിയയിലെ രോഗബാധിതരുടെ എണ്ണം 433 ആയി. സ്ഥിതി ഗൗരവമുള്ളതാണെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി കിം ഗാംഗ് ലിപ് പറഞ്ഞു. കൊറിയൻ കാര്യത്തിൽ ലോക ആരോഗ്യ സംഘടനയും ഉത്കണ്ഠ പ്രകടിപ്പിച്ചു.
ചൈനയിലെ രോഗബാധ ഒരു വിധം നിയന്ത്രണവിധേയമാകുന്നതായി റിപ്പോർട്ടുകൾ വന്ന ദിവസംതന്നെയാണ് കൊറിയയിലെ സ്ഥിതി ആശങ്കാജനകമായത്.
കിഴക്കൻ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് ഭൂരിഭാഗം കേസുകളും. 231 രോഗികൾ ഡെയിഗു നഗരത്തിലെ ഒരു മതസംഘടനയുമായി ബന്ധമുള്ളവരാണ്.
സംഘടനയിലെ 9,336 പേരോട് സ്വയം ക്വാറന്റൈൻ സംവിധാനത്തിൽ താമസിക്കാൻ ആരോഗ്യ അധികൃതർ നിർദേശിച്ചു. രോഗം സ്ഥിരീകരിക്കാനുള്ള പരിശോധന 500 പേർക്കു നടത്തും.
ചെങ്ഡോ നഗരത്തിലെ ഡായിനാം ആശുപത്രിയിലെ 102 രോഗികൾക്കും ഒന്പതു ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചു. കൊറിയയിൽ കൊറോണ ബാധിച്ചു മരിച്ച രണ്ടു രോഗികളെയും ഈ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു.
ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ഡായിഗുവിൽനിന്ന് വൻതോതിൽ ആളുകൾ ഒഴിഞ്ഞുപോകുന്നുണ്ട്.
രോഗബാധ പൊട്ടിപ്പുറപ്പെട്ട ചൈനയുമായി കൊറിയയിലെ കേസുകൾക്ക് നേരിട്ടു ബന്ധം കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഇതിൽ ആശങ്ക പ്രകടിപ്പിച്ചു.
രോഗം നിയന്ത്രിക്കാനുള്ള സാധ്യതകൾ ചുരുങ്ങിവരുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ചൈനയുമായി ബന്ധമില്ലാത്ത വേറെ സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തി.
ചൈനയിൽ മരണം 2,345 ആയി. പുതുതായി റിപ്പോർട്ട് ചെയ്തത് 109 മരണങ്ങൾ. ഹുവാനിലെ ഒരു ഡോക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു.
മൊത്തം രോഗികളുടെ എണ്ണം 76,288. പുതുതായി രോഗം സ്ഥിരീകരിച്ചത് 397 പേർക്ക്.
ഇറ്റലിയിൽ രണ്ടു മരണം
ഇറ്റലിയിൽ രണ്ടും ഇറാനിൽ അഞ്ചാമത്തെയും മരണം റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധ അനിയന്ത്രിതമാകുകയാണോയെന്ന ആശങ്ക ശക്തമായി.
വടക്കൻ ഇറ്റലിയിയിലെ ലോംബാർഡി മേഖലയിലാണ് രണ്ടു മരണങ്ങളും. ആദ്യം മരിച്ചത് എഴുപത്തെട്ടുകാരനാണ്. കൊറോണ ബാധിച്ചു മരിക്കുന്ന ആദ്യ യൂറോപ്യൻ വംശജനാണ് ഇദ്ദേഹം. പിന്നാലെ ഒരു സ്ത്രീയും മരിച്ചു.
റോമിലടക്കം കൊറോണ ബാധിതരെ ചികിത്സിക്കുന്നുണ്ട്. മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ച കൊടോഞ്ഞോ പട്ടണം അടച്ചുപൂട്ടിയ നിലയിലാണ്. ഇറാനിൽ ഇന്നലെ ഒരാൾകൂടി മരിച്ചു. 28 പേർക്കു രോഗം സ്ഥിരീരിച്ചു.
ചൈനയിൽ ഒരു ഡോക്ടർകൂടി മരിച്ചു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ വിവാഹം മാറ്റിവച്ച ചൈനീസ് ഡോക്ടർ രോഗം ബാധിച്ചു മരിച്ചു. വുഹാനിലെ ജിയാംഗ്സിയ ജില്ലയിലുള്ള ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. പെംഗ് യിൻഹുവ(29) വ്യാഴാഴ്ച രാതിയാണു മരിച്ചത്. കൊറോണ മൂലം മരിക്കുന്ന ഒന്പതാമത്തെ ആരോഗ്യ പ്രവർത്തകനാണ്.
പെംഗിന്റെ വിവാഹം ഫെബ്രുവരി ഒന്നിനു നിശ്ചയിച്ചിരുന്നതാണ്. ആശുപത്രി അധികൃതർ ദിവസങ്ങൾക്കു മുന്പേ അവധിയും നല്കിയിരുന്നു. എന്നാൽ കൊറോണ പടരാൻ തുടങ്ങിയപ്പോൾ ഇദ്ദേഹം വിവാഹം മാറ്റിവച്ച് ജോലിയിൽ തുടർന്നു. ജനുവരി 25നാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നല്കിയ ലി വെൻലിയാംഗ്, വുഹാൻ ഹോസ്പിറ്റൽ മേധാവി ലിയു ഷിമിംഗ് എന്നിവർ നേരത്തേ രോഗം പിടിപെട്ട് മരിച്ചിരുന്നു. മരിച്ച മറ്റ് ആരോഗ്യപ്രവർത്തകരിൽ വുഹാൻ ഹോസ്പിറ്റലിലെ സീനിയർ നഴ്സ് അടക്കം ഉൾപ്പെടുന്നു.