ജനീവ: തെരുവുകളിൽ അണുനാശിനി തളിക്കുന്നതിലൂടെ കൊറോണ വൈറസിനെ ഇല്ലാതാക്കാനാവില്ലെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന. അണുനാശിനി തെരുവുകളിൽ തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല.
എന്നാൽ ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു-ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഉപരിതലങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള മാർഗ രേഖയിൽ സ്പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
തെരുവുകളോ ചന്തസ്ഥലങ്ങളോ പോലുള്ള തുറസായ പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുകയോ പുകയ്ക്കുകയോ ചെയ്യുന്നത് കൊറോണ വൈറസിനെയോ രോഗകാരികളായ വൈറസുകളെയോ നശിപ്പിക്കില്ല.
കാരണം അണുനാശിനിയെ അഴുക്കും മാലിന്യങ്ങളും നിർജീവമാക്കും. തെരുവുകളും നടപ്പാതകളും കോവിഡ് വൈറസിന്റെ സംഭരണികളായി കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും മനുഷ്യന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാൻ കഴിയുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
അണുനാശിനി വ്യക്തികളുടെ ശരീരത്തിൽ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാർശ ചെയ്യുന്നില്ലെന്നും ഡബ്ല്യൂഎച്ച്ഒ ഊന്നിപ്പറഞ്ഞു.
മനുഷ്യ ശരീരത്തിൽ അണുനാശിനി തളിക്കുന്നത് ശാരീരികമായും മാനസികമായും ഹാനികരമാകാം. വായിൽനിന്ന് പുറത്തേക്കുപോകുന്ന കണങ്ങളിലൂടേയും സമ്പർക്കത്തിലൂടെയും മറ്റൊരാൾക്ക് വൈറസ് പകർത്താനുള്ള രോഗബാധിതന്റെ ശേഷി അണുനാശിനി തളിക്കുന്നതിലൂടെ ഇല്ലാതാക്കാനാവില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ആളുകളിൽ ക്ലോറിൻ അല്ലെങ്കിൽ മറ്റ് വിഷ രാസവസ്തുക്കൾ തളിക്കുന്നത് കണ്ണ്, ചർമം എന്നിവയിൽ അസ്വസ്ഥതയുണ്ടാക്കും. ഹൃദയധമനികൾക്കും ദഹനനാളത്തിനും പാർശ്വ ഫലങ്ങൾ ഉണ്ടാക്കാമെന്നും പറയുന്നു.
അണുനാശിനി പ്രയോഗിക്കണമെങ്കിൽ, ഇത് ഒരു തുണിയിൽ മുക്കി തുടയ്ക്കുന്നതാണ് ഫലപ്രദം- ലോകാരോഗ്യസംഘടന നിർദേശിച്ചു. വിവിധ വസ്തുക്കളുടെ ഉപരിതലങ്ങളിൽ വ്യത്യസ്തമായ സമയദൈർഘ്യങ്ങളിലാണ് വൈറസ് കാണപ്പെടുന്നത്.
വൈറസിന് ചില വസ്തുക്കളുടെ ഉപരിതലങ്ങളിൽ ദിവസങ്ങളോളം തുടരാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ എത്ര സമയം വൈറസിന് വസ്തുക്കളുടെ ഉപരിതലങ്ങളിൽ രോഗവാഹകരായി തുടരാൻ കഴിയുമെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.