തിരുവനന്തപുരം: തലസ്ഥാനത്ത് കീം പ്രവേശന പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പടർത്തുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കീം പ്രവേശന പരീക്ഷ നടന്നത്.
തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കരകുളം സ്വദേശി നേരത്തെ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഈ വിദ്യാർഥിയെ ഒറ്റയ്ക്ക് ഇരുത്തിയാണ് പരീക്ഷ നടത്തിയത്. അതേസമയം പൊഴിയൂർ സ്വദേശി മറ്റു വിദ്യാർഥികൾക്കൊപ്പമാണ് പരീക്ഷ എഴുതിയത്.
പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെയും പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ ലിസ്റ്റിലുള്ള വിദ്യാർഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് പരീക്ഷ നടത്തിയത് അന്നു വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വയ്ക്കണമെന്നും അന്ന് ആവശ്യമുയർന്നിരുന്നു. കൂടാതെ പരീക്ഷയ്ക്കു ശേഷം ചില കേന്ദ്രങ്ങൾക്കു മുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടിയതും വിവാദമായിരുന്നു.
കോവിഡ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിച്ചാണ് അന്ന് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികളെ ഹാളിനു പുറത്തേക്ക് ഇറക്കിയതും സാമൂഹ്യ അകലം പാലിച്ചായിരുന്നു. അതേസമയം പരീക്ഷാ കേന്ദ്രത്തിനു പുറത്തിറങ്ങിയ ശേഷം വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുകയായിരുന്നു.
ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ കണ്ടാലറിയാവുന്ന അറുന്നൂറോളം പേർക്കെതിരെ മ്യൂസിയം, മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂൾ, പട്ടം സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രത്തിനു മുന്നിലാണ് സാമൂഹ്യ അകലം പാലിക്കാതെ വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടം കൂടിയത്. തിരുവനന്തപുരം ജില്ലയിൽ മാത്രം രണ്ടായിരത്തോളം കോവിഡ് രോഗികളുണ്ട്.