സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന്റെ നിർദേശം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം.
കോവിഡ് വർധനയ്ക്കു കാരണം ജനങ്ങളുടെ അലംഭാവമാണെന്നും തിരക്കേറിയ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല പറയുന്നു.
നവംബറിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,953 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.
188 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1,59,558 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നത്.
കേരളത്തിൽ പ്രതിദിന രോഗ വ്യാപനത്തിന്റെ നിരക്ക് കൂടുതലാണെങ്കിലും വ്യാപനത്തിന്റെ തോത് കഴിഞ്ഞ കുറേ ദിവസമായി കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ കുറേ ദിവസങ്ങളായി 25,000-ത്തിനു മുകളിലാണ്. ഡൽഹിയിൽ കുറേ മാസങ്ങൾക്കു ശേഷം പ്രതിദിന രോഗബാധ 800 കടന്നു.
ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.
രോഗവ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു.
ഉത്തർപ്രദേശിലെ നോയിഡയിൽ പൂർണ കർഫ്യുവും പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിൽ രാത്രി കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്, മുംബൈ നഗരങ്ങളിൽ പരിശോധനയും ശക്തമാക്കി.