ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രതിദിന കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 336 പേര് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,573 ആയി. 2,04,711 പേര് രോഗമുക്തരായി. ചികിത്സയിലുള്ളത് 1,63,248 പേര്.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി. 5,751 പേര് മരിച്ചു. 3,752 പേര്‍ക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. ധാരാവിയില്‍ 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കോവിഡ് രോഗികളുടെ എണ്ണം 1,234 ആയി. ഇവിടെ മാത്രം 78 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 52,334 പേര്‍ക്ക് രോഗം ബാധിച്ചു. 625 പേര് ഇവിടെ മരിച്ചു. അതേസമയം തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി. അന്പഴകന് കോവിഡ് ബാധിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തിന് പരിശോധനകള്‍ നടത്തിയിരുന്നു.
രാജ്യതലസ്ഥാനത്ത് 49,979 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,969 പേര് ഇവിടെ മരിച്ചു. 21,341 പേര് രോഗമുക്തരായി. 26,669 പേര് ചികിത്സയില്‍ കഴിയുന്നു.