വാഷിംഗ്ടണ്‍ ഡിസി: ആഗോളജനതയുടെ ആശങ്കയേറ്റി കോവിഡ് വൈറസ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ. കോവിഡ് വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്.
ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് പരിഗണിച്ച് ലോകാരോഗ്യ സംഘടന പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വിദ്ഗധരുടെ സംഘം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് 32 രാജ്യങ്ങളിൽ നിന്നുള്ള 239 വിദഗ്ധ ഡോക്ടർമാർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചുവെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് വിവരം.
അതേസമയം ഇത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇത് മുൻനിർത്തി ലോകാരോഗ്യ സംഘടന കോവിഡ് പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കണമെന്നുമാണ് വിദഗ്ധ സംഘത്തിന്റെ ആവശ്യം.
നിലവിൽ, കോവിഡ് ബാധിതനുമായുള്ള സന്പർക്കം മൂലമോ, അയാൾ സ്പർശിച്ച പ്രതലത്തിലൂടെയോ ആകും പ്രധാനമായും വൈറസ് പടരുക എന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
മാസങ്ങളായി കോവിഡ് വായുവിലൂടെ പടരുമോ എന്നത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പഠനങ്ങളാണ് ഇത് സാധൂകരിക്കുന്ന ചില തെളിവുകളിലേക്ക് എത്തിച്ചതെന്നും ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ച ഡോക്ടർമാർ പറഞ്ഞു.
ഇനിയും അതേക്കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.