സ്വന്തം ലേഖകൻ
തൃശൂർ: ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വരവിനെ ലോകമെങ്ങും ആശങ്കയോടെ ഉറ്റു നോക്കുന്പോൾ ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച തൃശൂരിൽ പുതിയ രൂപത്തിലെത്തുന്ന കോവിഡിനെ നേരിടാൻ ഒരുക്കങ്ങൾ സജ്ജം.
പേടി ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നും ജില്ല ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്.കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ടോയെന്ന സംശയം ജില്ല ആരോഗ്യവകുപ്പ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
പല രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് ലക്ഷണങ്ങൾ പലതായതിനാലാണ് കോവിഡിന് ജനിതകമാറ്റം സംഭവിക്കുന്നതായി തങ്ങൾ സംശയിച്ചതെന്ന് ഡി.എം.ഒ ഡോ.കെ.ജെ.റീന പറഞ്ഞു.മാസ്കിന്റെ ഉപയോഗം വ്യാപകവും കർശനവുമാക്കണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു.
കോവിഡിനെ നേരിടാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സുരക്ഷമാർഗങ്ങളും മുൻകരുതലുകളും കൂടുതൽ ജാഗ്രതയോടെ തുടരുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണമെന്നും പരമാവധി പുറത്തിറങ്ങാതെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.