കണ്ണൂർ: ജില്ലാ ട്രഷറിയിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു ജീവനക്കാർ ക്വാറന്റൈനിൽ കൂടി പോകേണ്ടി വരുന്നതാടെ ജില്ലാ ട്രഷറി പ്രവർത്തനം സ്തംഭിച്ചേക്കും. ട്രഷറിയിൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും പലരും സഹകരിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പലരും നിലവിൽ അവധിയിലാണ്.
ഇക്കാരണത്താൽ തന്നെ നിലവിൽ മറ്റു ജീവനക്കാർ അമിത ജോലി ഭാരം നേരിടുന്നുണ്ട്. കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ നിലവിലുള്ള ജീവനക്കാരെ ആഴ്ചയിൽ മൂന്നു ദിവസം ഓഫീസിലെത്തി ജോലി ചെയ്യുന്ന രീതിയിൽ പുനഃക്രമീകരിച്ചിരിക്കുയാണ്. മറ്റു ട്രഷറികളിൽ നിന്നും ജില്ലാ ട്രഷറിയിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കുക എന്നത് എളുപ്പമല്ല.
അതു കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ദൈനംദിന കാര്യങ്ങൾ പോലും സ്തംഭിക്കും. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രഷറിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ഓഫീസ് ജീവനക്കാരും ആശങ്കയിലാണ്.