തിരുവനന്തപുരം: വിമാനമിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാൻ വിമാനത്താവളത്തിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തി.
പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനേ എയറോ സൈഡിൽ സജ്ജമാക്കിയ ആംബുലൻസിൽ കയറ്റി ഐസോലേഷൻ വാർഡിലേക്കു മാറ്റും. ഇതിനിടെ എമിഗ്രേഷൻ വിഭാഗത്തിൽ വിവരമറിയിച്ച് പാസ്പോർട്ട് പരിശോധനയും വേഗത്തിൽ പൂർത്തിയാക്കും.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ 28 ദിവസത്തേക്ക് വീടുകളിൽനിന്നു പുറത്തിറങ്ങരുത്, മറ്റാരുമായും സമ്പർക്കം പുലർത്തരുത് തുടങ്ങിയ നിർദേശങ്ങളടങ്ങിയ ലഘുലേഖ ഹെൽത്ത് കൗണ്ടറിൽനിന്ന് നൽകും.
സ്വീകരിക്കേണ്ട മുൻകരുതലുകളും ബന്ധപ്പെടേണ്ട നന്പരുകളും ലഘുലേഖയിലുണ്ടാകും.ഹെൽത്ത് കൗണ്ടറിലെ പരിശോധനക്കുശേഷം പൂരിപ്പിച്ച് നൽകിയ ഫോമിൽ ഒരെണ്ണം സീൽ ചെയ്ത് യാത്രക്കാരന് തിരികെ നൽകും.
ഇതുമായി വേണം എമിഗ്രേഷൻ കൗണ്ടറിൽ എത്താൻ. രോഗലക്ഷണങ്ങളില്ലെന്ന് രേഖപ്പെടുത്തിയ ഫോം എമിഗ്രേഷൻ വിഭാഗം വാങ്ങിവയ്ക്കും.
പരിശോധന പൂർത്തിയാക്കി, കസ്റ്റംസ് പരിശോധനയും കഴിഞ്ഞ് ലഗേജുമായി യാത്രക്കാരന് വീട്ടിലെത്താം. കൂടുതൽ വിവരങ്ങൾക്ക് ദിശയിലേക്ക് വിളിക്കുക. 0471- 2552056, 056 (ടോൾഫ്രീ)