ചേർത്തല: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികൾ കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പുജീവനക്കാരിയുടെ വീട്ടിൽ അക്രമം നടത്തിയതായി പരാതി.
ചേർത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്സ് നഗരസഭ പത്താം വാർഡിൽ അനുഗ്രഹയിൽ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു.
ഇതേതുടർന്ന് ശ്രീജ ചേർത്തല പോലീസിലും ജില്ലാ കളക്ടർക്കും പരാതി നൽകി. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാർച്ച് 15 നാണ് എത്തിയത്. എന്നാൽ ഇവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബമായി പുറത്തിറങ്ങി നടക്കുകയായിരുന്നു.
ഈ വിവരം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിർബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിർദേശിച്ചെങ്കിലും ഇവർ ഇതവഗണിച്ച് വീണ്ടും പുറത്തിറങ്ങി നടന്നു. ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പ്രതികാരമായാണ് വീട്ടിൽ അക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു.