ആലപ്പുഴ : ജില്ലയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലേക്ക്. ആശുപത്രികളിൽ സംവിധാനങ്ങൾ വിപുലമാക്കി. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ മുറികൾ ഉണ്ടായിരുന്നത് 46ആക്കി ഉയർത്തി. കൊറോണ സംശയിക്കുന്നവർക്കായി പ്രാഥമിക പരിശോധന വിഭാഗം 24മണിക്കൂറും പ്രവർത്തിക്കും.
ഖത്തറിൽ നിന്നും ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ ജില്ലയിൽ 5509പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇന്നലെ മാത്രം എട്ടു പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. രണ്ടുപേർ ഒഴിവാക്കപ്പെട്ടു. മൂന്നു ആശുപത്രികളിലായി 19പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 17സാമ്പിളുകളാണ് ഇന്നലെ പരിശോധയ്ക്ക് അയച്ചിട്ടുള്ളത്.
കൊറോണ പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ജീവിതശൈലി രോഗ ക്ലിനിക്കുകളെ ആശ്രയിച്ചിരുന്ന ബി പി എൽ വിഭാഗത്തിലുള്ളവർക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും.
ഒരു മാസത്തേക്ക് മരുന്ന് എത്തിച്ചു നൽകാനാണ് പരിപാടി. പിന്നീട് എ പി എൽ വിഭാഗങ്ങളെയും പരിഗണിച്ചേക്കും