അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡ് പുതിയ ബ്ലോക്കിലേക്കു മാറ്റി. ജെ-ബ്ലോക്കില്‍ നാലാം നിലയിലെ 12-ാം വാര്‍ഡിലാണ് പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്.
ഇന്നലെ രാത്രി പത്തോടെ രണ്ടു പേരെയും പുതിയ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇതിലൊരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു.
നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍ കെട്ടിടത്തിനു തൊട്ടരികിലായാണ് നേരത്തെ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചിരുന്നത്. ഇതു സ്കൂളിലെ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധത്തിനു കാരണമായിത്തീര്‍ന്നിരുന്നു.
ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും ദേശീയപാത ഉപരോധവും നടത്തിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡ് ഇവിടെ നിന്നു മാറ്റാമെന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ജെ-ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കാനായി രണ്ടു ദിവസം മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ രണ്ടുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. മറ്റു രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പുതിയ ബ്ലോക്കില്‍ 20 മുറികളാണുള്ളത്.
സോഷ്യല്‍ മീഡിയ ദുരുപയോഗം: രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ആലപ്പുഴ നൂറനാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇവരുടെ മൊബൈല്‍ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.