അന്പലപ്പുഴ: കൊറോണ വൈറസ് ബാധയുടെ സാഹചര്യം കണക്കിലെടുത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ. നാല് കിടക്ക സൗകര്യത്തോടെയുള്ള വാർഡാണ് സജ്ജമാക്കിയത്. ഇതിനു പുറമെ 10 പേർക്കു കൂടി കിടക്ക സൗകര്യം ഒരുക്കിയിട്ടുണ്ട്.
രോഗലക്ഷണവുമായി കൂടുതൽ പേർ എത്തിയാലുള്ള സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി കൈക്കൊണ്ടത്. നിലവിൽ രണ്ടു പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ചയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരുടെ സാന്പിളുകൾ പരിശോധനക്കയച്ചു.
പരിശോധനാ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയ തൃശൂർ സ്വദേശിക്കൊപ്പം ചൈനയിൽ നിന്നെത്തിയവരാണ് ഇപ്പോൾ വണ്ടാനത്ത് നിരീക്ഷണത്തിലുള്ളത്. രോഗബാധിതനെന്ന് സംശയിക്കുന്നയാൾക്കൊപ്പം വിമാന മാർഗം എത്തിയതിനാലാണ് ഇരുവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.
ഇവർക്കൊപ്പം പരിചാരകരെ അനുവദിച്ചിട്ടില്ല. പ്രത്യേക പരിശീലനം നേടിയ ആശുപത്രി ജീവനക്കാർ തന്നെയാണ് പരിചാരകരായി ഉള്ളത്. ആശുപത്രിയിലെ ഓരോ യൂണിറ്റിലേയും ഡോക്ടർമാർ, നോഡൽ ഓഫീസർ, ഇൻസ്പെക്ടിംഗ് കണ്ട്രോൾ ഓഫീസർ, എച്ച്ഒഡി മാർ, യൂണിറ്റ് ചീഫുമാർ എന്നിവർ ചേർന്നാണ് പ്രവർത്തനം.
ഇതിനു പുറമെ നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമായി പ്രത്യേക പഠന ക്ലാസും സംഘടിപ്പിച്ചു.